ഇബ്രി ക്വാറി അപകടം: മൃതദേഹം കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരും 11 പേർ പാക്കിസ്ഥാനികളുമാണുള്ളത്. മൂന്നുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ഇതിനകം എൻ.എ.ഒ.സി നൽകിയിട്ടുണ്ടെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്ന ഉടനെ തന്നെ സ്ഥലത്ത് വേണ്ട നടപടികൾ ചെയ്യാൻ സാമൂഹിക പ്രവർത്തകരെ ഏർപ്പാടാക്കിയിരുന്നു. സർക്കാർ സംഘടനകളുമായും കമ്പനി പ്രതിനിധികളുമായും പൂർണമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
പാകിസ്ഥാൻ പൗരന്മാരുടെ 11 മൃതദേഹങ്ങളിൽ ഒമ്പതെണ്ണം നാട്ടിലെത്തിച്ചതായി ഒമാനിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഇമ്രാൻ അലി ചൗധരി പറഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണം സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയയിലാണ്. അതേസമയം, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ളതിന്‍റെയും ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെയും എല്ലാ ചെലവുകളും കമ്പനി ഏറ്റെടുക്കുമെന്ന് ഇന്‍റർനാഷണൽ മാർബിൾ കമ്പനി ജനറൽ മാനേജർ ഹുസൈൻ അൽ കൽബാനി പറഞ്ഞു.
മാർച്ച 26ന് അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിൽ ആറുപേരായിരുന്നു അന്ന് മരിച്ചതായി അറിഞ്ഞത്. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഏട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അത്യാധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്താലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.
രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യഘട്ടത്തിൽ പാറ ഇടിഞ്ഞ് വീഴുന്നതിനാൽ തിരച്ചിലിന് നേരിയ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു. മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞുവീണത്. അപകടസമയത്ത് ഇന്ത്യക്കാരും പാകിസ്താനികളുമായ 50 തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.