സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായി ഇന്ത്യയും ഒമാനും തമ്മിൽ സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. ഈ ബന്ധങ്ങളുടെ ഏറ്റവും പുതിയ എഴുതിച്ചേർക്കലായിരുന്നു ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ 2023 ഡിസംബറിലെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനം. 26 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒമാനിൽനിന്നുള്ള രാഷ്ട്രതലവൻ ഇന്ത്യയിൽ എത്തുന്നത്. ഇതിന് മുമ്പ് 1997ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയാണ് അന്നത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്ത്യ സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായിട്ടാണ് സുൽത്താൻ ഹൈതംബിൻ താരിഖിന്‍റെ സന്ദർശനത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നോക്കിക്കണ്ടിരുന്നത്.ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച സന്ദർശനങ്ങൾ
ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രിമാർ വിവിധ സമയങ്ങളിലായി സുൽത്താനേറ്റിൽ സന്ദർശനം നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി (1985), പി.വി.നരസിംഹ റാവു (1993), അടൽ ബിഹാരി വാജ്പേയി (1998), ഡോ മൻമോഹൻ സിങ് (2008), നരേന്ദ്ര മോദി (2018) തുടങ്ങിയരാണ് ഒമാനിലെത്തിയ പ്രധാനമന്ത്രിമാർ. 2019ൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും, 2023ൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഒമാനിൽ എത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാഷ്ട്രമായിരുന്നു.
ബന്ധങ്ങൾ വിപുലപ്പെടുത്തി
മസ്കത്തിനും ന്യൂഡൽഹിക്കുമിടയിൽ സഹകരണങ്ങൾ ശക്തിപ്പെടുത്തിയും ബന്ധങ്ങൾ വിപുലപ്പെടുത്തിയുമാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യയിൽനിന്ന് മടങ്ങിയത്. വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട് സുപ്രധാന കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സംസ്കാരം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, സാമ്പത്തികവിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് കരാറിലും ധാരണയിലും എത്തിയിരിക്കുന്നത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതിയിലും ഇതിന് സഹായകമായ ഉന്നതതല സന്ദർശനങ്ങളുടെ തുടർച്ചയിലും സുൽത്താനും ഇന്ത്യൻ പ്രധാനമന്ത്രി നന്ദ്രേമോദിയും സംതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ-സുരക്ഷാ സഹകരണം, പ്രതിരോധം, വ്യാപാരം, ഊർജ സുരക്ഷ, പുനരുപയോഗം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്‌കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ ശ്രേണിയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി.
‘ഭാവിക്ക് വേണ്ടി ഒരു പങ്കാളിത്തം’എന്ന പേരിൽ ഒരു സംയുക്ത ദർശന രേഖയും സന്ദർശനത്തിന്‍റെ ഭാഗമായി മുന്നോട്ടുവെച്ചു. സമുദ്ര സഹകരണവും കണക്റ്റിവിറ്റിയും, ഊർജ സുരക്ഷയും ഹരിത ഊർജവും, ബഹിരാകാശം, സാങ്കേതികവിദ്യകൾ, ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പേയ്‌മെന്റുകളും സാമ്പത്തിക സഹകരണവും, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഐ. ടി - ഇന്നൊവേഷൻ, കൃഷിയും ഭക്ഷ്യസുരക്ഷയും തുടങ്ങിയവയായിരിക്കും സംയുക്തദർശന രേഖയുടെ പ്രവർത്തന മേഖലയിൽ വരിക. ഒമാൻ വിഷൻ 2040നും ഇന്ത്യയുടെ അമൃത് കാൽ വികസന ലക്ഷ്യങ്ങൾക്കുമിടയിലെ കൂട്ടായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതാണ് സംയുക്തദർശന രേഖ.
ഉഭയകക്ഷി വ്യാപാരത്തിലെ ശ്രദ്ധേയമായ വളർച്ചയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ബഹിരാകാശ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിനും തീരുമാനിച്ചു. ആരോഗ്യ സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും മേഖലയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും പ്രകടിപ്പിക്കുകയും ചെയ്തു. പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിന് മേഖലയിൽ വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, മിഡിൽ ഈസ്റ്റിലെ ആയുർവേദത്തിന്റെ ഒരു കേന്ദ്ര കേന്ദ്രമായി ഒമാൻ മാറുന്നതിനുള്ള സാധ്യതയും നേതാക്കൾ ചർച്ച ചെയ്തു. എല്ലാവിധ രൂപത്തിലുമുള്ള ഭീകരതയെ ഇരു നേതാക്കളും ശക്തമായി അപലപിക്കുകയും ചെയ്തു.
വ്യാപാര ബന്ധം കുതിച്ചുയരുന്നു
ഇന്ത്യയും ഒമാനും തമ്മിൽ മികച്ച വ്യാപാര ബന്ധമാണ് നിലനിൽക്കുന്നത്. സംവൽസരങ്ങൾക്ക് മുമ്പ് ആരംഭിച്ച വ്യാപാര വാണിജ്യബന്ധം പൂർവാധികം ഇന്നും തുടരുന്നു. നൂറിലേറെ ഇന്ത്യൻ കമ്പനികളും ഏഴ് ലക്ഷത്തോളം പ്രവാസികളും ഒമാന്‍റെ മണ്ണിൽ ഇപ്പോഴുണ്ട്. ഇതിൽ വലിയൊരു ശതമാനം മലയാളികളാണ്. 2023ലെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഇരു രാജ്യങ്ങളും തമ്മിൽ 1.447 ശതകോടി റിയാലിന്റെ വ്യാപാര ബന്ധമാണുള്ളത്. ഈ കാലയളവിൽ ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 699.218 ദശക്ഷം റിയാലാണ്. എണ്ണ,ധാതുക്കൾ, പ്രകൃതി വാതകം, പോളിത്തിലിൻ, പ്രോപിലൈറ്റ്, അലൂമിനിയം, യൂറിയ തുടങ്ങിയവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇക്കാലയളവിൽ ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള കയറ്റുമതി 747.883 ദശലക്ഷം റിയാലാണ്. അരി, മോട്ടോർ ഇന്ധനം, ഗോതമ്പ്, ഇഗ്നീഷ്യം, ഇരുമ്പ് അയിര് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഒമാനിൽ ഇന്ത്യയുടെ നിക്ഷേപവും വൻ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺവരെ ഒമാനിലെ ഇന്ത്യൻ നിക്ഷേപം 378.4 ദശലക്ഷം റിയാലാണ്. 2022 അവസാനംവവെരയുള്ള കണക്കു പ്രകാരം ഒമാനിൽ 1,744 ഇന്ത്യൻ കമ്പനികളാണ് നിക്ഷേപം ഇറക്കിയത്. ഇത് മൊത്തം 281 ദശലക്ഷം റിയാലാണ്. വ്യവസായം, നിർമാണം, വ്യാപാരം, ഗതാഗതം, വാർത്തവിനിമയം, എണ്ണ, ഗ്യാസ്, ഖനനം, വിദ്യാഭ്യാസം, കൃഷി, മത്സ്യം, വിനോദ സഞ്ചാരം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ നിക്ഷേപം. വർഷം തോറും ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം വർധിക്കുകയാണ്. 2021- 2022 കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം 10 ശതകോടി ഡോളറായി ഉയർന്നു. ഒമാനും ഇന്ത്യയും തമ്മിലെ സമുദ്ര വ്യാപാരം സുമേറിയൻ, ഹാരപ്പ കാലഘട്ടം മുതൽ ആരംഭിച്ചിരുന്നു. വെങ്കലയുഗം മുതൽ നാഗരിക ബന്ധവുമുണ്ടായിരുന്നു.
ഒമാനിലെ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങളും തമ്മിലെ സാംസ്കാരിക വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും നയനിലപാടുകൾ വിവിധ മേഖലകളിലെ സഹകരണത്തിന് ശക്തി പകരുന്നതാണ്. ഊർജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നിവ ഇതിൽ ഉൾപ്പെടും.
സ്വതന്ത്ര വ്യാപാര കരാർ; ചർച്ച പുരോഗമിക്കുന്നു
ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്.ടി.എ) ചർച്ചകൾ പുരോഗമിക്കുകയാണ്. കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി വിളിക്കുന്ന ഉടമ്പടിക്കായി ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 2024 ജനുവരിയിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായേക്കുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബറിൽ എഫ്.ടി.എക്കായി ഇരുരാജ്യങ്ങളും മസ്കത്തിൽ രണ്ടാം റൗണ്ട് ചർച്ച നടത്തിയിരുന്നു.
കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക പ്രാരംഭ യോഗം നവംബർ 20നാണ് ചേർന്നത്. തുടർന്ന് നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകളും നടന്നു. ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉത്പന്നങ്ങള്‍ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും.
ഇന്ത്യയിൽ നിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നു.
ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്. ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസുമതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍ നിന്നാണ്. ഈ ഇനങ്ങളെ നേരത്തേ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്.ടി.എ കരാറിലൂടെ ഈ ഉത്പന്നങ്ങള്‍ക്ക് അധിക നേട്ടമുണ്ടാകില്ല.
ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി മേഖലയിൽ യു.എ.ഇയുമായി 2022 മെയ് മാസത്തിൽ സമാനമായ രീതിയിൽ ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.