മസ്കത്ത്: രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറെ പ്രസിദ്ധമായ ജബൽ അൽ അഖ്ദർ സന്ദർശിക്കാനെത്തുന്നവരിൽ വിദേശികളുടെ എണ്ണം വർധിക്കുന്നു. പ്രകൃതിഭംഗിയും നിരവധി ടൂറിസ്റ്റ് ആകർഷക ഘടകങ്ങളും ഒരുക്കിയ പ്രദേശത്ത് ഈ വർഷം ആദ്യ ആറുമാസത്തിൽ മാത്രം 42,275 പേർ അറബ് ലോകത്തിന് പുറത്തുനിന്നെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഒമാനിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നും എത്തിയവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.
ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദറിൽ ഫെസ്റ്റിവൽ സീസൺ തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണുള്ളത്. ഓരോ വർഷവും ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ആകെ 79,038 പേർ പ്രദേശത്ത് വിനോദസഞ്ചാരത്തിനായി എത്തിയിട്ടുണ്ടെന്ന് ദേശീയ സ്ഥിതിവിവര കണക്ക് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇവരിൽ 28,406 പേരും ഒമാൻ പൗരന്മാരാണ്. സൗദി അറേബ്യയിൽ നിന്ന് 3848 പേരും കുവൈത്തിൽനിന്ന് 611 പേരും യു.എ.ഇയിൽ നിന്ന് 392 പേരും എത്തിച്ചേർന്നു. ബഹ്റൈൻ 273, ഖത്തർ 265 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യക്കാരായ സന്ദർശകരുടെ എണ്ണം. മറ്റു അറബ് രാജ്യങ്ങളിൽനിന്ന് 3027 പേരാണ് എത്തിച്ചേർന്നത്.
മുൻകാലത്തെ അപേക്ഷിച്ച് ഗൾഫ്, അറബ് മേഖലയിൽ നിന്ന് നിരവധി സന്ദർശകർ വന്നുതുടങ്ങിയെന്നതും ഈ സീസണിലെ പ്രത്യേകതയാണ്. മറ്റു അറബ് രാജ്യങ്ങളിൽ ചൂട് കനക്കുന്ന ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കണക്കുകൾകൂടി ചേരുമ്പോൾ നിലവിലെ എണ്ണത്തിന്റെ ഇരട്ടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സുപ്രധാന വാർഷിക മേളകളിലൊന്നായ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 19 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽകാലത്തും വലിയ തോതിൽ സന്ദർശകരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഹെയ്ൽ യെമൻ പാർക്കിന് സമീപത്തും സെയ്ഹ് ഖത്താനയിലുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ചടങ്ങുകൾ അരങ്ങേറുക.
അൽ ദാഖിലിയ ഗവർണറുടെ ഓഫിസും ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയവും സഹകരിച്ചാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മേള, ജബൽ അൽ അഖ്ദറിന്റെയും ഒമാന്റെയും സാംസ്കാരിക പൈതൃകത്തെയും പ്രകൃതി ഭംഗിയെയും ആഘോഷിക്കുന്നതാണ്. വ്യത്യസ്തമായ നിരവധി പരിപാടികൾ, വിനോദപ്രവർത്തനങ്ങൾ എന്നിവ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും വ്യത്യസ്ത കോർണറുകളുമുണ്ട്.
ഇവിടങ്ങളിൽ പ്രത്യേക പരിപാടികളുണ്ടാകും. ഒമാനി പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ കോർണറും ജബൽ അൽ അഖ്ദറിലെ ഉൽപന്നങ്ങളുടെ പ്രത്യേക വിൽപനയും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.