മസ്കത്ത്: ഒമാനിൽ എണ്ണ കയറ്റുമതിയിൽ വർധന. സെപ്റ്റംബർ അവസാനംവരെ ആകെ കയറ്റുമതി, 230.5 ദശലക്ഷം ബാരൽ കവിഞ്ഞതായി ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകളിൽ പറയുന്നു. ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയാണ് മുന്നിൽ.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബർ അവസാനം വരെ ഒമാന്റെ എണ്ണ കയറ്റുമതിയുടെ ആകെ അളവ് 230.5 ദശലക്ഷം ബാരലാണ്. മൊത്തം എണ്ണ ഉൽപാദനം 272.4 ദശലക്ഷം ബാരലായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം എണ്ണ കയറ്റുമതിയിൽ 0.1 ശതമാനം വർധനവാണ് കാണിക്കുന്നത്. അതേസമയം മൊത്തം അസംസ്കൃത എണ്ണ ഉൽപാദനം 6.7 ശതമാനം കുറഞ്ഞ് ശരാശരി പ്രതിദിന എണ്ണ ഉൽപാദനം 994,200 ബാരലിലെത്തിയിട്ടുണ്ട്.
2024 ന്റെ ആദ്യ പകുതിയിൽ ഒമാന്റെ എണ്ണ കയറ്റുമതി 0.3 ശതമാനം വർധിച്ചിട്ടുണ്ട്. ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്. മൊത്തം ഇറക്കുമതി ഏകദേശം 219.6 ദശലക്ഷം ബാരലായിരുന്നു.
ഇത് 2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 4.5 ശതമാനത്തിന്റെ വർധനവാണ്. ജപ്പാൻ നാല് ദശലക്ഷം ബാരലുമായി രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയ 3.8 ദശലക്ഷം ബാരൽ ഒമാനിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള കയറ്റുമതി 26.3 ശതമാനം കുറഞ്ഞിട്ടുണ്ട്.
അതേസമയം, ഒമാന്റെ സാമ്പത്തിക വളർച്ച 2025ൽ 2.7 ശതമാനമായും 2026ൽ 3.2 ശതമാനമായും ഉയരുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. കാർഷിക, നിർമാണ പ്രവർത്തനങ്ങളിലെ പുനരുജ്ജീവനവും ദുക്മ് റിഫൈനറി പൂർണ്ണ ശേഷിയിലെത്തുമ്പോൾ എണ്ണ, വാതക ഉൽപ്പാദനവും കുതിച്ചുയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.