മസ്കത്ത്: 75ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ഒമാനിലെ പ്രവാസി സമൂഹം പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ അംബാസഡർ മുനുമഹാവർ പതാക ഉയർത്തി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എംബസിയിലെ ഉദ്യോഗസ്ഥർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പതാക ഉയർത്തലിനു ശേഷം അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
തുടർന്ന് ഇന്ത്യൻ സമൂഹത്തെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്തു. കോവിഡ് മഹാമാരിയുടെ സമയത്ത് ഒമാനിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് നൽകിയ സ്നേഹത്തിനും, സംരക്ഷണത്തിനും സുൽത്താൻ ഹൈതം ബിൻ ത്വാരിഖിനും ഒമാനി ജനതക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായി അംബാസഡർ പ്രസംഗത്തിൽ പറഞ്ഞു. ഗാന്ധി സമാധാന പുരസ്കാരം നേടിയ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനെയും അംബാസഡർ പ്രസംഗത്തിൽ അനുസ്മരിച്ചു.
കോവിഡ് രോഗവ്യാപനത്തിൽ കുറവുണ്ടെങ്കിലും, കോവിഡിനെ പരിപൂർണമായും ഇല്ലാതാക്കാൻ എല്ലാവരും പൂർണമായി സഹകരിക്കണമെന്നും വാക്സിൻ സ്വീകരിക്കുന്നതിനൊപ്പം മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണമെന്ന് അംബാസഡർ പറഞ്ഞു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളും, ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലെ ഭാഷാ വിഭാഗങ്ങളും അവതരിപ്പിച്ച പരിപാടികളും ഓൺലൈനിൽ നടന്നു.
നിസ്വ ഇന്ത്യൻ സ്കൂളിൽ ഓൺലൈനിലാണ് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. ബി.ഒ.ഡി ഫിനാൻസ് ഡയറക്ടർ അശ്വനി സവരികർ പരിപാടി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രപതിയുടെ സന്ദേശവും ഡയറക്ടർ വായിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മിറ്റി പ്രസിഡൻറ് കൗഷാദ് കക്കേരി മുഖ്യാതിഥിയായിരുന്നു. ധീര ദേശാഭിമാനികളെ അനുസ്മരിച്ച് കെ.ജി കുട്ടികൾ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. വിവിധ ഇന്ത്യൻ ഭാഷകളിൽ ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ തുടങ്ങിയവയും നടന്നു. ഹെഡ് ബോയ് എബൽ എബ്രഹാം സ്വാഗതവും, ഹെഡ്ഗേൾ മീന മനോജ് നന്ദിയും പറഞ്ഞു.
ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന ഓൺലൈൻ ആഘോഷ പരിപാടിയിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ട്രഷറർ അേഫ്രാസ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡൻറ് സെബാസ്റ്റ്യൻ ചുങ്കത്ത്, മറ്റു മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ, പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എസ്.എം.സി പ്രസിഡൻറ് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ദേശഭക്തിഗാനം, ഫ്യൂഷൻ ഡാൻസ്, പ്രസംഗം തുടങ്ങിയ പരിപാടികൾ നടന്നു. വൈസ് പ്രിൻസിപ്പൽ ഗീതാ ചൗഹാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.