മസ്കത്ത്: ഞായറാഴ്ച അമീറാത്തിൽ നടക്കുന്ന എമർജിങ് ടീംസ് ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയും പാകിസ്താനുമില്ലാത്തത് ഒമാനിലെ ക്രിക്കറ്റ് പ്രേമികളെ നിരാശരക്കി. ഇന്ന് 5.30ന് അമിറാത്ത് സ്റ്റേഡിത്തിൽ നടക്കുന്ന ഫൈനലിൽ ശ്രീലങ്കയും അഫ്ഗാനിസ്താനുമാണ് മാറ്റുരക്കുക.
ഫൈനലിൽ ഇന്ത്യയും പാകിസ്താനുമാണ് ഏറ്റുമുട്ടുകയെന്ന് ക്രിക്കറ്റ് പ്രേമികൾ കണക്ക് കൂട്ടിയിരുന്നു. രണ്ട് ടീമുകളും വന്നില്ലെങ്കിലും ഏതെങ്കിലും ഒരു ടീം ഫൈനലിൽ എത്തുമെന്നും കരുതിയിരുന്നു. ഇന്ത്യൻ ടീം ഫൈനലിൽ എത്തുമെന്നും ട്രോഫി കരസ്ഥമാക്കുമെന്നുമാണ് അധികം പേരും കരുതിയിരുന്നത്. അതിനാൽ ആവേശകരമായ ഫൈനൽ കാണാമെന്ന പ്രതീക്ഷയിലായിരുന്നു പലരും.
എന്നാൽ, വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ പാകിസ്താൻ എ ടീമിനെ ശ്രീലങ്ക ഏഴ് വിക്കറ്റിനും രണ്ടാം സെമിയിൽ ഇന്ത്യൻ എ ടീ മിനെ അഫ്ഗാനിസ്താൻ 20 റൺസിനും തോൽപ്പിച്ചതോടെയാണ് സ്വപ്നഫൈനൽ കാണാമെന്നുള്ള ആഗ്രഹം പൊലിഞ്ഞത്. മലയാളികളടക്കമുള്ള നിരവധി ക്രിക്കറ്റ് പ്രേമികൾ ഇന്ത്യ ഫൈനലിൽ എത്തുന്നതും പ്രതീക്ഷിച്ച് നേരത്തെ തന്നെ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.
അമീറാത്തിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്ന ആവേശകരമായ ഫൈനൽ പ്രതീക്ഷിച്ചുവെന്നും അതിനാൽ ഫൈനൽ കാണാൻ കാത്തിരിക്കുകയായിരുന്നുവെന്നും ക്രിക്കറ്റ് പ്രേമിയായ കണ്ണൂർ സ്വദേശി ഇർഷാദ് പറഞ്ഞു.
ഫൈനൽ കാണാൻ പോവുന്നതിനാൽ മറ്റ് മത്സരങ്ങൾക്കൊന്നും ടിക്കറ്റെടുത്തിരുന്നില്ല. ഫൈനലിലെത്താതെ ഇരു ടീമുകളും പുറത്തായതിൽ ഏറെ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.