മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ 12ാമത് സെഷൻ തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറൽ ഓഫിസിൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ കാര്യ, പാസ്പോർട്ട്, വിസ, വിദേശത്തുള്ള ഇന്ത്യൻ കാര്യങ്ങൾ (സി.പി.വി ആൻഡ് ഒ.ഐ.എ ) എന്നിവക്കുള്ള അണ്ടർ സെക്രട്ടറി ഔസഫ് സഈദും ഒമാൻ നയതന്ത്രകാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുടേയും നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധങ്ങളെ കുറിച്ചും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുപക്ഷവും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
ബിസിനസ്, നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും കോൺസുലർ കാര്യങ്ങളും വിശകലനം ചെയ്തു. ഈ വർഷം ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ജി 20 യോഗങ്ങളിൽ ഒമാന്റെ അതിഥിയായി പങ്കെടുക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, അന്താരാഷ്ട്ര സഹകരണ വകുപ്പ് മേധാവി ഷെയ്ഖ് ഹമദ് സെയ്ഫ് അൽ റവാഹി, ഇരുഭാഗത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.