മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2024-2025 അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതൽ നടക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണു ഓൺലൈനിലൂടെ നടക്കുക. ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്. 2024 ഏപ്രിൽ ഒന്നിന് മൂന്നു വയസ്സ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്കു അംഗീകൃത റസിഡന്റ് വിസ ആവശ്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്കാരല്ലാത്ത മറ്റു കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
സീറ്റ് ലഭ്യതക്കനുസരിച്ചായിരുന്നു ഇവ നൽകിയിരുന്നു. എന്നാൽ, പുതിയ അധ്യയനവർഷത്തിൽ ഇന്ത്യക്കാരല്ലാത്തവരുടെ മക്കൾക്ക് അഡ്മിഷൻ നൽകുന്നില്ലെന്നു സ്കൂൾബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണു ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ ഗുബ്ര എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് (കേംബ്രിഡ്ജ് സിലബസ്) അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഓൺലൈനിലൂടെതന്നെ അപേക്ഷ സമർപ്പിക്കണം.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജ്യുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷനോടുകൂടിയ കേന്ദ്രീകൃത സംവിധാനം മുഴുവൻ പ്രവേശന പ്രക്രിയ കൂടുതൽ സുഗമമാക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.
അഡ്മിഷൻ നടപടിക്രമങ്ങൾ, സീറ്റ് ഒഴിവുകളുടെ വിവരങ്ങൾ എന്നിവ പോർട്ടലിലൂടെ അറിയാൻ കഴിയും. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇഷ്ടപ്പെട്ട സ്കൂളുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.