മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശപത്രികയുടെ സമർപ്പണം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.
18 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. നാമനിർദേശ പട്ടികയുടെ സൂക്ഷ്മപരിശോധന ഈ മാസം 22ന് പൂര്‍ത്തിയാവും. ജനുവരി നാലിന് ഉച്ച ഒന്നുവരെയാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. സ്കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കു മാത്രമാണ് വോട്ടവകാശമുണ്ടാവുക. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗനിർദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ ഉണ്ട്. സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നതിനുള്ള വിഡിയോകള്‍ www.indianschoolsboardelection.org എന്ന വെബ്സൈറ്റിലൂടെ പങ്കുവെക്കാവുന്നതാണ്. ഇതിലൂടെ സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ രക്ഷിതാക്കൾക്ക് സഹായകമാകും. അതേസമയം, ഇത്തരം വിഡിയോകൾ തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ച ശേഷമായിരിക്കും വെബ്സൈറ്റിൽ നൽകുക. തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റു വിവരങ്ങളും വെബ്സൈറ്റിലൂടെ അറിയാൻ കഴിയും. ജനുവരി 21ന് മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. കാലത്ത് എട്ടു മുതല്‍ വൈകീട്ട് എട്ടു വരെയാണ് വോട്ടിങ്. അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.