മസ്കത്ത്: ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി 20 കോടി രൂപയുടെ പിഴ വിധിച്ച സംഭവത്തിൽ കടുത്ത ആശങ്കയുമായി രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. കരാർ ലംഘനത്തിന് ബോർഡിനെതിരെ ഭൂവുടമ നൽകിയ ഹരജിയിലാണ് ഇന്ത്യൻ സ്കൂൾ ബോർഡിന് കോടതി കനത്തപിഴ വിധിച്ചത്.
ഒമാനിലെ ബർക്ക മേഖലയിലുള്ള രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് മുൻ സ്കൂൾ ഡയറക്ടർ ബോർഡ് ബർക്കയിൽ ഇന്ത്യൻ സ്കൂൾ തുടങ്ങാൻ തീരുമാനമെടുക്കുകയും നിർമാണ ചുമതലക്ക് ഭൂവുടമയുമായി കരാർ ഒപ്പിടുകയും ചെയ്തത്.
പിന്നീട് ഡയറക്ടർ ബോർഡ് കരാറിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് ഭൂവുടമ ബോർഡിനെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വാദത്തിനൊടുവിലാണ് 20 കോടിയോളം രൂപ ഇന്ത്യൻ സ്കൂൾ ഭൂവുടമക്ക് നൽകണമെന്ന് ഒമാനിലെ കോടതി വിധിച്ചത്.
കരാർ പ്രകാരം ബർക്കയിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായശേഷം എന്തുകൊണ്ടാണ് ബോർഡ് സ്കൂളിന്റെ പ്രവർത്തനം തുടരാതിരുന്നതെന്നും കരാറിൽനിന്ന് പിന്മാറിയതെന്നും വ്യക്തമാക്കണമെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വിദ്യാർഥികൾ നൽകുന്ന ഫീസ് മാത്രം വരുമാനമാർഗമുള്ള സ്കൂൾ എങ്ങനെയാണ് ഇത്രയും വലിയ തുക കണ്ടെത്തുന്നത് എന്ന് ചോദ്യം രക്ഷിതാക്കൾ ഉന്നയിച്ചു. ഭീമമായ ഈ ബാധ്യത വിദ്യാർഥികളുടെ ഫീസ് വർധനക്ക് കാരണമാകുമോ എന്ന കടുത്ത ആശങ്ക ഇന്ത്യൻ സമൂഹത്തിനിടയിൽ നിലനിൽക്കുന്നുണ്ട്.
ഒമാനിൽ നിലനിൽക്കുന്ന കമ്യൂണിറ്റി ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെയോ രക്ഷിതാക്കളെയോ ബാധിക്കാത്ത തരത്തിൽ വിഷയം പരിഹരിക്കണമെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ചെയർമാനോട് ആവശ്യപ്പെട്ടു.
കാര്യങ്ങളുടെ നിജസ്ഥിതി രക്ഷിതാക്കളെ അറിയിക്കണമെന്നും ബോർഡ് കൂടുതൽ സുതാര്യമായി പ്രവർത്തിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾക്ക് ബാധ്യത വരാത്ത രീതിയിൽ പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും ബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടതായി നിവേദക സംഘത്തിലുണ്ടായിരുന്ന അനു ചന്ദ്രൻ, റിയാസ് അമ്പലവൻ, ബിജോയ്, വരുൺ ഹരിപ്രസാദ്, സുജിന മനോജ്, ശ്രീകുമാർ, ജാൻസ് അലക്സ്, സുരേഷ് കുമാർ, സന്തോഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.