ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിന്റെ നിലവാരത്തകർച്ചക്കെതിരെ രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകി. ബന്ധു നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയത്. സമീപകാലത്തായി എസ്.എം.സിയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ, അധ്യാപകരുടെ അനധികൃത നിയമനങ്ങൾ, അധ്യാപകർക്ക് മേൽ ഏൽപ്പിക്കുന്ന അമിത സമ്മർദങ്ങൾ എന്നിവയടക്കം സ്കൂളിനെ നിലവാരത്തകർച്ചയിലേക്ക് കൊണ്ടുപോകുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
നിലവിൽ 700ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ വളർച്ചയിൽ സാധാരണക്കാരായ മലയാളി രക്ഷാകർത്താക്കളുടെ അധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ചരിത്രമാണുള്ളത്. എസ്.എം.സിയിലെ പ്രാതിനിധ്യവും അനുബന്ധ പ്രവർത്തനങ്ങളും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയതുകൊണ്ടുതന്നെ സ്കൂളിലെ എല്ലാ പാഠ്യേതര വിഷയങ്ങളും സ്വജനപക്ഷപാതപരമായി നടക്കുകയാണ്. അധ്യാപക ദൗർലഭ്യവും അക്കാദമിക് നിലവാരത്തെ ബാധിക്കുന്നുണ്ട്. അധ്യാപകരുടെ ഭാഗത്തുനിന്നും കുട്ടികൾക്ക് നേരിടേണ്ടി വരുന്ന ശിക്ഷാ നടപടികൾ, സ്കൂളിലെ വ്യത്യസ്തങ്ങളായ ശോച്യാവസ്ഥ എന്നിവയും പരാതിയിൽ ഉന്നയിച്ചു.
200ലധികം രക്ഷിതാക്കൾ ഒപ്പിട്ട പരാതി ബോർഡ് ചെയർമാൻ ഉൾപ്പെടെ ഉള്ള ബോർഡ് അംഗങ്ങൾ, ഇന്ത്യൻ അംബാസഡർ, വിദേശ കാര്യ മന്ത്രിക്കും അയക്കുകയും ചെയ്തു. മാനേജ്മെന്റുമായുള്ള ചർച്ചയിൽ 15 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. രക്ഷിതാക്കളായ ജിതിൻ, ശ്യാംകുമാർ, പ്രസാദ്, ദീപു, നിഷാദ്, ജോബി, ബൈജു, ജോമേഷ്, ജസ്റ്റിൻ, സമീർ, ഷാജഹാൻ, സജീവ്, ജിജോ, നോബിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.