മസ്കത്ത്: വ്യവസായിക ലൈസൻസുകളുടെയും കസ്റ്റംസ്, നികുതി ഇളവ് അപേക്ഷകളുടെയും എണ്ണം ഈ വർഷം കുത്തനെ വർധിച്ചതായി കണക്ക്. 2023 ആദ്യ പകുതിയിൽ 11,845 വ്യാവസായിക ലൈസൻസുകളും കസ്റ്റംസ്, നികുതി ഇളവുകളും അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. 2022ലെ ഇതേ കാലയളവിൽ 6,998 എണ്ണം മാത്രമായിരുന്നു അനുവദിച്ചിരുന്നത്.
ഇതാണ് ഇരട്ടിയോളം ഇത്തവണ വർധിച്ചിട്ടുള്ളത്. ആകെ വ്യവസായിക ലൈസൻസുകളുടെ എണ്ണം 11,540ഉം കസ്റ്റംസ്, നികുതി ഇളവ് തീരുമാനങ്ങളുടെ എണ്ണം 305 ആണെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അസംസ്കൃത വസ്തുക്കളും യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യാൻ നികുതി ഇളവിന് അപേക്ഷ സമർപ്പിക്കേണ്ട ബയാൻ സംവിധാനത്തിലൂടെ ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങൾക്ക് 2,871 പെർമിറ്റുകൾ നൽകിയതായും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ബയാൻ സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്യുന്നതിനു മുമ്പ് വ്യവസായ സ്ഥാപനങ്ങൾ കസ്റ്റംസ് ഇളവിന് അപേക്ഷിക്കണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇൻവെസ്റ്റ് ഈസി പോർട്ടലും ബയാൻ സംവിധാനവും നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ നിക്ഷേപകർക്ക് ഇടപാടുകൾ ത്വരിതപ്പെടുത്തുന്നതിനും ഒമാനിലേക്കും പുറത്തേക്കും ചരക്കുകളുടെ നീക്കം സുഗമമാക്കാനും സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമാനിൽ ഈ വർഷം ആദ്യ പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 23.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ ആകെ നിക്ഷേപം 2127 കോടി റിയാലായിട്ടുണ്ട്. വിദേശ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടനാണ് ഒന്നാം സ്ഥാനത്തുള്ളത്.
അമേരിക്ക, ചൈന, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, 2023ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ എണ്ണ, വാതക ഉൽപാദന മേഖലകളാണ് ഏറ്റവും വലിയ വിദേശ നിക്ഷേപം നേടിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.