മസ്കത്ത്: ഇന്ത്യൻ സയൻസ് ഫോറം (ഐ.എസ്.എഫ് ) രണ്ട് ദിവസങ്ങളിലായി നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെഅൽ ഹെയിൽ കാമ്പസിൽ നടത്തിയ വാർഷിക സയൻസ് ഫിയസ്റ്റ സമാപിച്ചു. റോളിങ് ട്രോഫി ഇന്ത്യൻ സ്കൂൾ ബൗഷർ സ്വന്തമാക്കി. ഈ വർഷത്തെ വാർഷിക ഇനത്തിലെ പ്രധാന സവിശേഷതയായ ശാസ്ത്രപ്രതിഭയിൽ ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിൽനിന്ന് 3000 ഓളം കുട്ടികൾ പങ്കെടുത്തു.
ഒമാനിലെ യുവാക്കൾക്കിടയിൽ ശാസ്ത്ര പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകൾ വളർത്തുന്നതിനും വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. വാർഷിക സയൻസ് ഫെസ്റ്റയിൽ ഓരോ വർഷവും സമൂഹത്തിനായി പ്രാധാന്യമുള്ള വിഷയങ്ങൾ പരിഗണിക്കാറുണ്ടെന്നും ഇത്തവണ എല്ലാ മത്സരങ്ങൾക്കും മുഖ്യ വിഷയം പരിസ്ഥിതി സംരക്ഷണം ആയിരുന്നുവെന്ന് ഐ.എസ്.എഫ് ചെയർമാൻ ഡോ. ജെ. രെത്നകുമാർ പറഞ്ഞു. പ്രശസ്ത പരിസ്ഥിതി വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടിയായിരുന്നു ഈ വർഷത്തെ വിശിഷ്ടാതിഥി.
മസ്കത്ത് മുനിസിപ്പാലിറ്റി കൗൺസിൽ അംഗം ഫൈസൽ അലി ഇബ്രാഹിം അൽ ബലൂഷി, ഒമാൻ എൻവയോൺമെൻറ് സൊസൈറ്റി വൈസ് പ്രസിഡൻറ് റുമൈത അൽ ബുസൈദി എന്നിവർ വിശിഷ്ടാതിഥികൾ ആയി. ഇന്ത്യൻ സയൻസ് ഫോറം വിവിധ പ്രായത്തിലുള്ള വിദ്യാർഥികൾക്ക് ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തുന്നതിന് ശാസ്ത്രപ്രതിഭ മത്സരം, ഐ.എസ്.എഫ് ഇഗ്നൈറ്റർ-ഇന്റർ സ്കൂൾ സയൻസ് ക്വിസ്, ശാസ്ത്ര ഡിബേറ്റ്, ഓൺ ദിസ്പോട്ട് പ്രൊജക്ടുകൾ, ഡിജിറ്റൽ സിമ്പോസിയങ്ങൾ, ഫോട്ടോഗ്രാഫി, ശാസ്ത്ര പ്രദർശനങ്ങൾ പോലുള്ള നിരവധി മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.
ജീവിതകാലം മുഴുവൻ ശാസ്ത്ര മനോഭാവം നിലനിർത്താൻ തയാറാവണമെന്ന് വിദ്യാർഥികളുമായി സംവദിച്ച മുരളി തുമ്മാരകുടി പറഞ്ഞു. ശാസ്ത്രബോധം നഷ്ടപ്പെട്ടാൽ കഴിഞ്ഞ ഏതാനും നൂറു വർഷങ്ങളിൽ മനുഷ്യരാശി നേടിയ എല്ലാ നേട്ടങ്ങളും നമുക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര പ്രതിഭകളുടെ പേരുകൾ ജനറൽ സെക്രട്ടറി എ.എം. സുരേഷ്, എ പ്ലസ്, എ ഗ്രേഡ് വിജയികളുടെ പേരുകൾ ജനറൽ കോഓഡിനേറ്റർ ലത ശ്രീജിത്ത്, മറ്റു മത്സരങ്ങളിലെ വിജയികളെ ജോയിന്റ് സെക്രട്ടറി എം.എം. റഷീദ്, ട്രഷറർ ഗാന്ധിരാജ്, കോ കോഓഡിനേറ്റർ ഹലാ പി ജമാൽ അംഗങ്ങളായ കെ.ബി. സുരേഷ്, ഡോ. സുധീർ എന്നിവരും പ്രഖ്യാപിച്ചു.
ഇന്റർ സ്കൂൾ സയൻസ് ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ സാബ്യാസാചി ചൗധുരി, അതർവ് രാഹുൽ ദേഹേദ്കർ, ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ മുലദ്ദയിലെ അതർവ് സിൻഹ, ദിവ്യധർശൻ വരദരാജൻ എന്നിവർ വിജയികളായി. ഇന്ത്യൻ സയൻസ് ഫോറം വൈസ് ചെയർമാൻ ടി. ഭാസ്കരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.