മസ്കത്ത്: ഇസ്രായേൽ ഉൾപ്പെട്ട ബീച്ച് ക്ലബ് ലോകകപ്പിൽനിന്ന് പിന്മാറാനുള്ള അമീറാത്ത് ക്ലബിന്റെ തീരുമാനത്തെ ഒമാൻ ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചു.
ഗസ്സയിലെയും ഫലസ്തീനിലെയും ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ക്ലബിന്റെ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി പ്രസ്താവനയിൽ പറഞ്ഞു. ഈ തത്ത്വാധിഷ്ഠിത നിലപാടിന് ക്ലബിനും അതിന്റെ മാനേജ്മെന്റിനും ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
നമ്മുടെ രാജ്യത്തെ യുവാക്കൾക്കിടയിൽ വളരുന്ന അവബോധം കൂടുതൽ സന്തോഷം നൽകുന്നതാണ്. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ സാമൂഹിക ശക്തികളോടും ഔദ്യോഗിക സ്ഥാപനങ്ങളോടും അവരവരുടെ മേഖലകളിൽ ഈ പാത പിന്തുടരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റലിയിൽ നടക്കാനിരിക്കുന്ന ബീച്ച് സോക്കർ ക്ലബ് ലോകകപ്പിൽനിന്ന് പിന്മാറാനുള്ള തീരുമാനം അമീറാത്ത് ക്ലബ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രായേൽ ടീമായ റോഷ് ഹായ്നിനെതിരെ മത്സരിക്കരുതെന്ന് പൊതുജനങ്ങൾ വ്യാപകമായി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.