മസ്കത്ത്: ഇന്റർനാഷനൽ ഓർഗനൈസേഷൻ ക്രിയേറ്റിവ് ഇവൻറ്സ് എൽ.എൽ.സി (ഐ.ഒ.സി) ഭാവാലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷനുമായി ചേർന്ന് ഒമാനിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസം, മാനവ വിഭവശേഷി വികസനം, വിനോദം, ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും നടത്തുക. ഇതിന്റെ ഭാഗമായി ഈ വർഷം ജൂണിൽ എച്ച്.ആർ സംഗമവും ഒക്ടോബറിൽ പ്രശസ്ത സാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ ജീവിതകഥപറയുന്ന ‘ഇതിഹാസം’ നാടകവും അരങ്ങേറും. സിറിൾ സാമുവലാണ് എച്ച്.ആർ സംഗമത്തിന്റെ കോഓഡിനേറ്റർ.
ഒമാന്റെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കുന്ന ‘ഇതിഹാസം’ നാടകം സംവിധാനം ചെയ്യുന്നത് രാജേഷ് ബാലകൃഷ്ണനാണ്. അമൃത്പാൽ അസോസിയേറ്റ് സംവിധായകനും രാജേഷ് കായംകുളം ചീഫ് അസി. സംവിധായകനുമാണ്. 40ലധികം അഭിനേതാക്കളും അണിയറപ്രവർത്തകരും ഉൾപ്പെടുന്ന ഇതിഹാസത്തിലെ പ്രധാനവേഷം ബിജു വർഗീസ് അവതരിപ്പിക്കും. ആർട്ടിസ്റ്റ് സുജാതൻ മാസ്റ്ററാണ് രംഗപടം നിർവഹിക്കുന്നത്. ഗുണമേന്മയിലൂന്നിയായിരിക്കും തങ്ങളുടെ പരിപാടികളെന്ന് ഓണററി ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
സ്വദേശികളും വിദേശികളുമായ എല്ലാ കമ്യൂണിറ്റികളുടെയും താൽപര്യങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ ഐ.ഒ.സിയും ഭാവാലയയും സംഘടിപ്പിക്കുമെന്ന് ഡയറക്ടർ സിയഉൽ ഹഖ് ലാരി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡയറക്ടർ മൻസൂർ അഹമ്മദ്, ഫിർദൗസ് നൂറൈൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.