മസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലമായ ജബൽ ശംസ് സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസ് റോഡ് ഉപയോഗിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദേശം നൽകി. റോഡിൽ ചളിയും നനഞ്ഞ മണ്ണും ഉള്ളതിനാൽ തെന്നിമാറാൻ സാധ്യതയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
താപനില കുറഞ്ഞ് മൈനസ് ഡിഗ്രിയിൽ എത്തിയതോടെ ഇവിടത്തെ കൊടുംതണുപ്പ് ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമടക്കമുള്ളവർ ഒഴുകുകയാണ്. കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകളാണ് വാഹനങ്ങളിൽ എത്തിയത്. പലരുടെയും വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. ജബൽ ശംസിലേക്കുള്ള പാതയിൽ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും മറ്റും കാരണം റോഡ് ചളിയിൽ പുതഞ്ഞുകിടക്കുകയാണ്. വളരെ സാഹസപ്പെട്ടായിരുന്നു ഇതിലൂടെ പലരും യാത്ര ചെയ്തത്. റോഡിലെ ചളിയിൽ തെന്നി നിയന്ത്രണംവിട്ട് വാഹനങ്ങൾ മറ്റു വണ്ടികളിൽ ഇടിക്കുകയും ചെയ്തു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് മാർഗനിർദേശങ്ങളുമായി രംഗത്തുണ്ട്.
ഏറെ അപകടങ്ങൾ പതിയിരിക്കുന്നതാണ് ജബൽ ശംസിലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർവീലർ വാഹനങ്ങൾ ആവശ്യമാണ്. ചെങ്കുത്തായ റോഡുകളും റോഡുകളിലെ വളവുകളും തിരിവുകളും ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പലയിടത്തും ചെമ്മണ്ണാണുള്ളത്. അതിനാൽ പരിചയസമ്പന്നരായ ഡ്രൈവർമാരാണ് ജബൽ ശംസിലേക്ക് വാഹനം ഓടിക്കേണ്ടത്. ജബൽ ശംസിൽ വ്യാഴാഴ്ച രാവിലെ മൈനസ് 0.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ബുധനാഴ്ച രാവിലെ മൈനസ് നാല് ഡിഗ്രിയും ചൊവ്വാഴ്ച മൈനസ് രണ്ട് ഡിഗ്രിയും തിങ്കളാഴ്ച മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. ഇതോടെ മഞ്ഞ് പെയ്യലും ശക്തമായി. ഈ തണുപ്പാസ്വദിക്കാനാണ് മലയാളികളടക്കമുള്ളവർ ജബൽ ശംസ് കയറുന്നത്.
2003ൽ നിരീക്ഷണം ആരംഭിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 2015 ജനുവരിയിലാണ്. മൈനസ് 9.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.