മസ്കത്ത്: വിവിധ മേഖലകളിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്താൻ ഒമാനും ജോർഡനും. ഒമാൻ-ജോർഡൻ സംയുക്ത സമിതിയുടെ പതിനൊന്നാമത് സെഷനിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സംയുക്ത സഹകരണത്തിന്റെ ചക്രവാളങ്ങൾ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ട് പറഞ്ഞത്. യോഗം ജോർഡന്റെ തലസ്ഥാനമായ അമ്മാനിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെയും ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദിയുടെ കാർമികത്വത്തിലായിരുന്നു നടന്നത്.
വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും മികച്ച സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനും മേഖലകളിൽ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യമേഖലയുടെ പങ്കിനെ പറ്റിയും ചർച്ച ചെയ്തു. അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ നിറവേറ്റുന്ന, ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് മന്ത്രിതല സമിതിയുടെ സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു.
വ്യവസായിക നഗരങ്ങൾ, യുവാക്കൾ, പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം, വിദ്യാഭ്യാസ സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും നിരവധി ധാരണപത്രങ്ങളിലും എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.