മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതുതായി ആറു ശാഖകൾകൂടി ഈ മാസം പ്രവർത്തനം ആരംഭിക്കുമെന്ന് ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു. വിദേശികൾ ഏറെ തിങ്ങിപ്പാർക്കുന്നതും അവർക്ക് ഏറെ സൗകര്യപ്രദമാകുന്നതുമായ സ്ഥലങ്ങളിലാണ് പുതിയ ശാഖകൾ തുടങ്ങുന്നത്. അമീറാത്ത്, ഇബ്രി, സഹം, നിസ്വ, ഖദറ, റൂവിയിലുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലായിരിക്കും ശാഖകൾ തുറക്കുക. ജോയ് ആലുക്കാസ് ഒമാനിൽ പ്രവർത്തനം ആരംഭിച്ചിട്ട് പത്തു വർഷം തികയുന്ന അവസരത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി പണമയക്കാൻ ഇതിലൂടെ കഴിയുമെന്ന് മാനേജിങ് ഡയറക്ടർ ആന്റണി ജോസ് കൂട്ടി പറഞ്ഞു.
നിലവിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ 34 ശാഖകളാണുള്ളത്. ഈ വർഷാവസാനത്തോടെ 41 ആയി വർധിപ്പിക്കും. 2025 ആകുമ്പോഴേക്കും ഒമാന്റെ 11 ഗവർണറേറ്റുകളിലുള്ള എല്ലാ വിലായത്തുകളിലും അതിനു പുറമെ നിർമാണ മേഖലയിലെ തൊഴിലാളികളുടെ സൗകര്യത്തിനായി ലേബർ ക്യാമ്പുകൾപോലുള്ള സ്ഥലങ്ങളിലും ശാഖകൾ തുടങ്ങും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിന്റെ വിഷൻ 2040ന്റെ ഭാഗമായി വിദേശികൾക്ക് എന്ന പോലെത്തന്നെ സ്വദേശികൾക്കും തൊഴിലവസരം ഉറപ്പാക്കുക എന്ന നയമാണ് മാനേജ്മെന്റ് പിന്തുടരുന്നതെന്നും തൊഴിൽ മേഖലയിൽ സ്വദേശി പ്രാതിനിധ്യം കൃത്യമായി പാലിക്കുന്ന സ്ഥാപനമാണ് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നും ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു.
നിലവിൽ ജോയ് ആലുക്കാസിൽനിന്നും ലോകത്തെവിടേക്കു പണമയച്ചാലും നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിക്കും. ഇതിന് പുറമെ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പണമയക്കാനും സൗകര്യമുണ്ട്. ഒമാനിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി മത്ര സൂഖ്, സലാല എന്നിവിടങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ വിദേശ കറൻസികൾ ആ സമയത്തെ മൂല്യമനുസരിച്ച് ഒമാനി റിയാലിലേക്കു മാറ്റാനുള്ള സൗകര്യമുണ്ടെന്ന് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ കൂട്ടിച്ചേർത്തു. സാധാരണക്കാരായ ഇടപാടുകാരുടെ ആരോഗ്യ പരിപാലനത്തിനായി നടത്തുന്ന മെഡിക്കൽ ക്യാമ്പ്, ചൂട് വർധിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തുന്ന ബീറ്റ് ദ ഹീറ്റ് ക്യാമ്പ് എന്നീ പരിപാടികൾ ഈ വർഷവും പൂർവാധികം പങ്കാളിത്തത്തോടെ നടത്തുമെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.