സൂർ: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിെൻറ കീഴിലെ സൂർ പഠനകേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് 'കണിക്കൊന്ന'യുടെ മൂല്യനിർണയമായ പഠനോത്സവം നവ്യാനുഭവമായി. പ്രവാസി മലയാളികളായ കുട്ടികൾക്ക് മലയാള ഭാഷ പഠനത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് മലയാളം മിഷൻ. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ സൂം ആപ് വഴി നടത്തിയ പഠനോത്സവത്തിൽ 25 കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികളും ഉയർന്ന മാർക്കോടെ മികച്ച വിജയം നേടി.
കണിക്കൊന്ന പഠനോത്സവത്തിൽ വിജയിച്ച എല്ലാ കുട്ടികൾക്കും മലയാളം മിഷൻ നാട്ടിൽനിന്ന് നൽകുന്ന സർട്ടിഫിക്കറ്റും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരവും വരുംദിവസങ്ങളിൽ നൽകും. മലയാളം മിഷൻ നാലു ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സായ 'കണിക്കൊന്ന'യുടെ മൂല്യനിർണയമാണ് പഠനോത്സവമായി നടത്തിയത്. ഡിപ്ലോമ കോഴ്സായ 'സൂര്യകാന്തി', ഹയർ ഡിപ്ലോമ കോഴ്സായ 'ആമ്പൽ', സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ 'നീലക്കുറിഞ്ഞി' എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത്.
കേരളത്തിലെ ഭരണഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. സൂർ പഠനകേന്ദ്രത്തിലെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ സേവനതൽപരരായി മുന്നോട്ടുവന്ന മുഴുവൻ അധ്യാപകരെയും ഇതിെൻറ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗങ്ങളെയും മലയാളം മിഷൻ ഒമാൻ ചാപ്റ്റർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.