മസ്കത്ത്: രണ്ടാം പിണറായി സർക്കാറിെൻറ ഒന്നാം ബജറ്റിനെ കുറിച്ച് ഒമാൻ പ്രവാസികളിൽ സമ്മിശ്ര പ്രതികരണം. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിനിടയിലും പുതിയ നികുതി നിർദേശം ഇല്ലാത്തതും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി കുറഞ്ഞ പലിശയിൽ ആയിരം കോടി രൂപ വായ്പ നൽകാനായി നീക്കിവെച്ച പാക്കേജിനും പൊതുവെ പ്രവാസികൾക്കിടയിൽ സ്വീകാര്യത ലഭിച്ചെങ്കിലും ഇതെല്ലാം നടപ്പാക്കാൻ പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു.പദ്ധതികൾ ബജറ്റിൽ മാത്രമായി ഒതുങ്ങുന്ന കാഴ്ച പലവട്ടം കണ്ടതാണെന്നും പലരും സാക്ഷ്യപ്പെടുത്തുന്നു.
ഡോ. തോമസ് ഐസക്ക് നടപ്പിൽ വരുത്തിയ പദ്ധതികളുടെ തുടർച്ചയായാണ് രണ്ടാം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു.
കോവിഡിെൻറ രണ്ടാം തരംഗം സൃഷ്ടിച്ച ആഘാതത്തിലാണ് നാട്. മൂന്നാം തരംഗം ഉണ്ടായേക്കാം എന്നും പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവക്ക് ഊന്നൽ നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടതാണ്.
ഒന്നാം പിണറായി സർക്കാറിെൻറ എല്ലാ ബജറ്റിലും പ്രവാസികളെ പ്രത്യേകം പരിഗണിച്ചിരുന്നത് പുതിയ ധനമന്ത്രിയും തെറ്റിച്ചില്ലെന്ന് ജാബിർ പറഞ്ഞു.
തിരിച്ചെത്തിയ പ്രവാസികൾക്ക്, പ്രത്യേകിച്ച് ജോലി നഷ്ടപ്പെട്ടവർക്ക് വിവിധ പദ്ധതികൾ ആരംഭിക്കാൻ വായ്പ നൽകുന്നതിന് 100 കോടി രൂപ നീക്കിവെച്ചത് ആകർഷണീയമായ പദ്ധതിയാണ്. അതിെൻറ പലിശ സബ്സിഡിക്കായി 25 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
അതോടൊപ്പം പ്രവാസികളുടെ നൈപുണ്യ വികസനത്തിനും പദ്ധതികളുണ്ട്. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് 170 കോടിയാണ് മാറ്റിവെച്ചത്.
ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കാതിരിക്കാൻ പുതിയ നികുതി നിർദേശങ്ങൾ ഏർപ്പെടുത്താതെ ജനപക്ഷത്ത് ചേർന്നുനിൽക്കുന്ന ഈ ബജറ്റിനെ പൂർണമായും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബജറ്റിൽ മടങ്ങിവന്ന പ്രവാസികൾക്കായി ആയിരം കോടി പ്രഖ്യാപിച്ചെന്ന് പറയുേമ്പാൾ കഴിഞ്ഞ ജനുവരിയിൽ തോമസ് ഐസക്ക് പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ എന്തായെന്ന് വ്യക്തമാക്കണമെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കുരിയാക്കോസ് മാളിയേക്കൽ പറഞ്ഞു. ഇതുപോലെ പിണറായി സർക്കാർ കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റിൽ പറഞ്ഞ കോടികൾ പലതും ജലരേഖയായി. തീരദേശ പക്കേജ് -6000 കോടി, കോവിഡ് പക്കേജ് -20000 കോടി, വയനാട് പക്കേജ് -5000 കോടി, മലയോര പക്കേജ് -40000കോടി, കുട്ടനാട് പക്കേജ് -6000 കോടി തുടങ്ങി തോമസ് ഐസക്കിെൻറ ഇല്ലാത്ത പണത്തിെൻറ വല്ലാത്ത കണക്കുകൾ മാത്രമാണ് കെ.എൻ. ബാലഗോപാലും ആവർത്തിച്ചത്. ഇനിയുള്ള അഞ്ചു വർഷക്കാലവും ഇതുപോലെ കോടികളുടെ കഥ പറഞ്ഞ് പൊതുജനത്തെ പറ്റിക്കാൻ മാത്രമായിരിക്കും ശ്രമിക്കുകയെന്ന് വ്യക്തമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബജറ്റിൽ പുതിയ നികുതി നിർദേശമില്ല എന്നത് സ്വാഗതം ചെയ്യുന്നു. അതോടൊപ്പം പ്രവാസികൾക്ക് ആയിരം കോടിയുടെ വായ്പ പാക്കേജ് പ്രഖ്യാപിച്ചത് നല്ല കാര്യമാണ്. എന്നാൽ സംസ്ഥാനം കടക്കെണിയിൽ നിൽക്കുന്ന സമയത്ത് പുതിയ നികുതി ഇല്ലാതെ എങ്ങനെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് മനസ്സിലാകുന്നില്ല. വരുമാനം വർധിക്കാതിരുന്നാൽ ഇതെല്ലം വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങുമെന്ന് കരുതുന്നു.
ബജറ്റ് പ്രസംഗത്തിൽ ഏറെ ആകർഷകവും ശ്രദ്ധേയവുമായി തോന്നിയത് ജനങ്ങൾ നികുതി കൃത്യമായി അടച്ചാൽ നാട്ടിലെ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന ഭാഗമാണ്. നികുതി അടക്കൽ പൗരെൻറ കടമയാണ്. പലപ്പോഴും പല ഉദ്യോഗസ്ഥന്മാരും നികുതി സംബന്ധമായ വിഷയത്തിൽ ജനങ്ങളോട് സൗഹാർദപരമായല്ല പെരുമാറുന്നത്. ജനത്തേട് ശത്രുക്കൾ എന്ന പോലെ പെരുമാറുമ്പോഴും ശിക്ഷ നടപടികളെ കുറിച്ച് മാത്രം സംസാരിക്കുമ്പോഴും ജനങ്ങൾ അതിൽ നിന്നും അകലുന്നത് സ്വാഭാവികമാണ്. നികുതി അടച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടു തീരും എന്നത് ശരിയാണെങ്കിൽ അവരെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് ശശികുമാർ പറഞ്ഞു.
പൊതുവെ ബജറ്റ് നിർദേശങ്ങളെ സ്വാഗതം ചെയുന്നു. എന്നാൽ സാമ്പത്തിക പരാധീനതയുള്ള സമയത്തും എന്തിനാണ് മരിച്ചുപോയ നേതാക്കൾക്ക് സ്മാരകം നിർമിക്കാൻ കോടികൾ നീക്കി വെക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരം കാഴ്ചപ്പാടുകൾ വികലമാണെന്നു പറയേണ്ടിവരും. ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാറിന് ഒട്ടേറെ വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. പ്രവാസികൾക്ക് ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.