മസ്കത്ത്: സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളോടും പ്രശ്നങ്ങളോടും പ്രതികരിക്കാൻ എഴുത്തുകാർക്കാവില്ലെന്ന് സാഹിത്യകാരി കെ.പി. സുധീര. ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഒമാൻ തല പ്രകാശനത്തിനെത്തിയ അവർ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
എല്ലാ വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായം പറയുക എന്നത് അപ്രായോഗികമാണ്. അതേസമയം, ചില വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയേണ്ടതായി വരും. ഇപ്പോൾ നോക്കൂ, ഇന്ത്യയിലെ വനിത ഗുസ്തിതാരങ്ങൾ സമരം ചെയ്യുകയുണ്ടായി. അതിൽ പ്രായോഗികമായി നമ്മൾക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. ഇങ്ങനെയുള്ള വേളയിൽ മിണ്ടാതിരിക്കേണ്ടിവരും. കോഴിക്കോട് ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി നടത്തിയിരുന്നു. എന്നാൽ, ഇങ്ങോട്ടുള്ള (ഒമാൻ) യാത്ര കാരണം പങ്കെടുക്കാൻ കഴിഞ്ഞില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓരോ പ്രശ്നങ്ങളിലും മനസ്സുരുകുന്നവരാണ് എഴുത്തുകാർ. ഇത് അവർ രചനയിലൂടെയും പ്രസംഗത്തിലൂടെയും മറ്റും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ആത്യന്തികമായി എഴുത്തുകാരുടെ പ്രതിബദ്ധത വായനക്കാരോടാണ് ഉണ്ടാകേണ്ടതെന്നും അവർ പറഞ്ഞു.
വിവർത്തനമില്ലാത്തതിനാൽ മലയാള കൃതികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു
ലോക നിലവാരമുള്ള കൃതികൾ എല്ലാ കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, വിവർത്തനം ചെയ്യപ്പെടാത്തതു കൊണ്ടാണ് ഇത്തരം കൃതികൾ ലോകത്തിന് മുന്നിൽ എത്താത്തത്. പല എഴുത്തുകാരുടെയും കൃതികൾ വായിച്ചാൽ ഇവ ലോകത്തിന് മുന്നിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. ടാഗോറിനു ശേഷം ഇന്ത്യയിലേക്ക് ഒരു നോബേൽ പ്രൈസ്പോലും കിട്ടിയിട്ടില്ല. നല്ല കൃതികൾ ഇല്ലാത്തതുകൊണ്ടല്ല. ഇവ ലോകത്തിന് മുന്നിൽ എത്താത്തതുകൊണ്ടാണ്.
പുതിയ വാതിലുകൾ തുറന്ന് സമൂഹ മാധ്യമങ്ങൾ
എഴുത്തിന്റെ ലോകത്ത് പുതിയ വിപ്ലവങ്ങളാണ് സമൂഹ മാധ്യമങ്ങളുണ്ടാക്കിയത്. എഴുതാൻ തൽപര്യമുള്ളവർക്ക് പുതിയ ലോകം തന്നെയാണ് ഇത് തുറന്നുകൊടുത്തത്. സർഗാത്മകതയുടെ തീപ്പൊരി ഉള്ളിലുള്ളവരും എഴുതാൻ ആഗ്രഹമുള്ളവരുമെല്ലാം ഈ മാധ്യമങ്ങളെ ഉപയോഗിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ ഇത് വായനയുടെയും എഴുത്തിന്റെയും ഗൗരവം ചിലപ്പോൾ നഷ്ടപ്പെടുത്താനും ഇടവരുത്തും. സൃഷ്ടികൾ പത്ര മാധ്യമങ്ങളിൽ അച്ചടിച്ചുവരാത്തതിൽ നിരാശപൂണ്ടിരുന്ന ഒരു വിഭാഗം എഴുത്തുകാരുണ്ടായിരുന്നു. ഇത്തരക്കാരുടെ നിരാശ മറികടക്കാൻ ഒരു പരിധിവരെ സഹായിക്കുന്നതായിരുന്നു സമൂഹ മാധ്യമങ്ങൾ. പലരും ഇപ്പോൾ പരമ്പരാഗത അച്ചടി മാധ്യമങ്ങളെ പാടേ തള്ളിക്കളഞ്ഞ് സമൂഹ മാധ്യമങ്ങളിൽ എഴുതുന്നവരാണ്. ഇങ്ങനെ കുറിച്ചിട്ടവ പിന്നീട് പുസ്തകങ്ങളാക്കി ഇറക്കിയതും നമുക്ക് കാണാം.
കേരളത്തെ സ്വർഗമാക്കിയത് പ്രവാസികൾ
പ്രവാസികളാണ് നമ്മുടെ കേരളത്തെ സ്വർഗമാക്കിയത്. അവരുടെ കണ്ണുനീരും വിയർപ്പും രക്തവുമാണ് നാടിന്റെ വികസനത്തിന് പ്രയോജനകരമായത്. അതേസമയം, പ്രവാസികൾക്ക് ഇപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് അവഗണനയാണ് കിട്ടുന്നത് എന്നതാണ് യാഥാർഥ്യം. അവർക്ക് അനൂകൂലമായ നിയമം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. മാഹാമാരി കാലത്തുപോലും അവരെ പരിഗണിക്കാൻ അധികൃതർക്കായിട്ടില്ല. പലർക്കും ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയുമുണ്ടായി. ഞാൻ കേട്ട പലരുടെയും കഥ ദയനീയമായിരുന്നു. ഇത്തരത്തിലുള്ള മഹാമാരികളോ പ്രകൃതിദുരന്തങ്ങളോ ഇനിയും ഉണ്ടാകുമ്പോൾ പ്രവാസികൾക്കർഹമായ സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതർ തയാറാകണം.
കവിത എഴുതാൻ പ്രേരിപ്പിച്ചത് ഗിരീഷ് പുത്തഞ്ചേരി
തുടക്കത്തിൽ കഥയാണ് എഴുതിത്തുടങ്ങിയത്. ഏറെ ഇഷ്ടമുള്ളതും ഇതുതന്നെയാണ്. എന്നാൽ, കൂടുതൽ പറയാനുണ്ടെന്ന് തോന്നിയപ്പോഴാണ് നോവലിലേക്ക് തിരിഞ്ഞത്. നല്ല പഠനങ്ങൾ നടത്തിയ ശേഷമാണ് നോവൽ എഴുതാറുള്ളത്. സാഹിത്യശാഖയിലെ 12 വിഭാഗങ്ങളിലും എഴുതിയിട്ടുണ്ട്.
ഒരിക്കൽ ഒരു മാഗസിനിലെ ഓണപ്പതിപ്പിലേക്ക് ഏറെ നിർബന്ധിച്ചതിനുശേഷം ഒരു കവിത എഴുതിക്കൊടുക്കുകയുണ്ടായി. ഇതു കണ്ട് വായിച്ച് എന്റെ സൃഹൃത്ത് കൂടിയായ ഗിരീഷ് പുത്തഞ്ചേരിയാണ് കവിത എഴുത്ത് തുടരണമെന്നു പറഞ്ഞത്. അങ്ങനെയാണ് കവിത രചനയെ ഗൗരവമായി എടുത്ത് തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയത് മുതൽ അതിലും ദിനേനെ എന്നോണം കവിത പോസ്റ്റ് ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു. ഗൾഫ് മാധ്യമം ഓഫിസിൽ കെ.പി. സുധീരക്ക് നൽകിയ സ്വീകരണത്തിൽ റസിഡന്റ് മാനേജർ ഷക്കീൽ ഹസൻ, സർക്കുലേഷൻ കോഓഡിനേറ്റർ മുഹമ്മദ് നവാസ്, അൽബാജ് ബുക്സ് മാനേജിങ് ഡയക്ടർ ഷൗക്കത്തലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.