മസ്കത്ത്: ബാർബർഷോപ്പുകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി മസ്കത്ത് നഗരസഭ. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ. കടയിൽ അനുയോജ്യമായ കസേരകളും മേശകളും ഉണ്ടായിരിക്കണം. ചൂടുവെള്ള പൈപ്പ് ഘടിപ്പിച്ച സിങ്ക് വേണം. ഒാരോ തവണയും ഡിറ്റർജൻറുകളും രോഗാണുനാശിനികളും ഉപയോഗിച്ച് ഷേവിങ് കിറ്റുകൾ അണുമുക്തമാക്കണം. കടയിൽ ആവശ്യത്തിന് ഷേവിങ് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. തൊഴിലുപകരണങ്ങൾ അണുമുക്തമാക്കുന്നതിന് മതിയായ സംവിധാനങ്ങളും ഉറപ്പാക്കണം. വെള്ളം വലിച്ചെടുക്കാത്ത തരത്തിലുള്ള തുണികൾ, ടൗവലുകൾ, ഷേവിങ് ടൗവലുകൾ എന്നിവ ഉണ്ടാകണം.
കടകളിൽ കാത്തിരിക്കുന്നവർക്ക് മതിയായ ഇരിപ്പിടം വേണം. ഒരോ ബാർബർ ചെയറുകൾക്ക് സമീപവും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പേപ്പർ ലിനനുകൾ (റോൾ) വെക്കണം. ജീവനക്കാർക്ക് ജോലി സമയത്ത് ധരിക്കുന്നതിനായി ആവശ്യത്തിന് വൃത്തിയുള്ള വെളുത്ത നിറത്തിലുള്ള കോട്ടുകൾ ഉണ്ടാകണം. അത്യാവശ്യമുള്ള മരുന്നുകളും മറ്റും ഉള്ള ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ കടകളിലും ഉണ്ടാകണം. ഹെയർ ഡൈ, ഫേഷ്യൽ ക്ലീനിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് അധികമായി നാല് സ്ക്വയർ മീറ്റർ സ്ഥലം ഉണ്ടാകണം. ഉപയോഗിച്ച ടൗവലുകൾ കഴുകാനായി ഇടുന്നതിന് പ്രത്യേക കുട്ട വെക്കണം. ടൗവലുകൾ കഴുകാതെ ഒന്നിലധികം തവണ ഉപയോഗിക്കരുത്.
വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ടൗവലുകൾ കഴുകുകയോ ഉണക്കുകയോ ചെയ്യരുത്. മുഖാവരണം, ചീപ്പ്, ചെയർ പ്രൊട്ടക്ടർ, ഗ്ലൗസ്, ബ്ലേഡ് ഹോൾഡർ, പ്ലാസ്റ്റിക് ഏപ്രൺ തുടങ്ങിയവ ഒറ്റത്തവണ ഉപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ കൊണ്ട് നിർമിച്ചവയുമായിരിക്കാൻ ശ്രദ്ധിക്കണം. ഉപയോഗിച്ച ഏപ്രണുകൾ ശേഖരിക്കാൻ പ്രത്യേക പെട്ടിയും വെച്ചിരിക്കണമെന്നും മസ്കത്ത് നഗരസഭ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.