മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ സീബിലെ റാമി റിസോർട്ടിൽ സംഘടിപ്പിച്ച മലയാള മഹോത്സവം 2023 ഭാഷാസ്നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. രാവിലെ 10ന് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ഇബ്രാഹിം കുട്ടി, ആഗോള സാഹിത്യത്തിലെ ഇന്ത്യൻ മുഖമായ ശ്യാം സുധാകർ, മലയാളം ഒമാൻ ചാപ്റ്റർ സ്ഥാപക ചെയർമാനും അയർലൻഡിലെ ഇന്ത്യൻ പീസ് കമീഷണറുമായ ഡോ. ജോർജ് ലെസ്ലി എന്നിവരുമായി കുട്ടികളുടെ മുഖാമുഖം പരിപാടിയോടെയാണ് മലയാള മഹോത്സവത്തിന് തുടക്കമായത്.
മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകൻ ബിനു കെ. സാം നേതൃത്വം നൽകിയ നില്ല് നില്ല് സുല്ല് സുല്ല് എന്ന കുട്ടിക്കൂട്ടം ഒമാനിലെ കുട്ടികൾക്ക് അവിസ്മരണീയാനുഭവമായി. നാട്ടുവർത്തമാനങ്ങൾ പറഞ്ഞും മുത്തശ്ശിക്കഥകൾ കേട്ടും കടംകഥകൾ പാടിയും നാടൻ ശീലുകളിൽ രസിച്ചും ചിരിച്ചും ചിന്തിച്ചും ആർത്തുല്ലസിച്ചും നാട്ടിലെ വേനലവധിയുടെ നേരനുഭവമായി മാറി ഒമാനിലെ കുട്ടികൾക്ക് ബിനു കെ. സാമിനോടൊപ്പമുള്ള ഒരു പകൽ. നാട്ടിലെ മലയാളിക്കുട്ടികളേക്കാൾ ഭാഷാസ്നേഹവും അക്ഷരശുദ്ധിയും അറിവുള്ളവരുമാണ് ഒമാനിലെ മിക്ക കുട്ടികളുമെന്ന് മലയാളിക്കുട്ടി മത്സരത്തെ വിലയിരുത്തി അദ്ദേഹം പറഞ്ഞു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കാമ്പുള്ള എഴുത്തും ആഴമുള്ള വായനയും നഷ്ടമാകുന്നതാണ് കേരളത്തിന്റെ സാംസ്കാരികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അധ്യക്ഷത വഹിച്ചു. ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകർക്ക് മലയാളം ഒമാൻ ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം കുട്ടികളുടെ രാജ്യാന്തര പരിശീലകനും േവ്ലാഗറും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ മലയാളം അധ്യാപകനുമായ ബിനു കെ. സാമിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാരനും പ്രഭാഷകനും തൃശൂർ സെന്റ് തോമസ് കോളജ് അധ്യാപകനുമായ ശ്യാം സുധാകർ മുഖ്യസന്ദേശം നൽകി. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
രക്ഷാധികാരികളായ ഹസ്ബുല്ല മദാരി, അജിത് പനച്ചിയിൽ, ഫൈസൽ ടി.വി.കെ, അജിത് പയ്യന്നൂർ, അനിൽ ജോർജ്, രവീന്ദ്രൻ മറ്റത്തിൽ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ സ്വാഗതവും കൾചറൽ കോഓഡിനേറ്റർ രാജൻ വി കോക്കൂരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.