സുഹാർ: കുടിയേറ്റത്തിന്റെ ആറ് പതിറ്റാണ്ടിൽ ഗൾഫിലേക്ക് ചേക്കേറിയവർ കൈമോശംവരാതെ സൂക്ഷിക്കുന്നത് തനത് സംസ്കാരമാണ്. വൃത്തിയിലും വെടുപ്പിലും അച്ചടക്കത്തിലും പരസ്പര ബഹുമാനത്തിലും അറിവിലും മലയാളികൾ മുന്നിലാണെന്നുള്ള അഭിമാനം മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നു.
ഗൾഫിൽ അറബികൾ മലബാറികൾ എന്ന് വിളിക്കുന്നത് കേരളീയരെ മുഴുവനാണ്. ചൊവ്വയിൽ പോയാലും അവിടെ ഒരു മലയാളിയുടെ ചായക്കട കാണാം എന്ന് തമാശ രൂപേണ പലരും പറയാറുണ്ട്. ലോകത്തിന്റെ ഏതു കോണിൽപോയാലും തങ്ങളുടെ തനത് സ്വത്വം കാത്തുസൂക്ഷിക്കുന്നവരാണ് കേരളീയർ എന്നു സൂചിപ്പിക്കാനാണിത്. മലയാള സംസ്കാരം നെഞ്ചിലേറ്റുന്നവരാണ് മലയാളികൾ. അത് ഭക്ഷണ, വസ്ത്രങ്ങളുടെ കാര്യത്തിലും, ജീവിത രീതിയിലും ഉണ്ട്. ഏതു രാജ്യത്ത് ജീവിക്കുമ്പോഴും കേരളത്തിന്റെ പൊതുരീതി സ്വീകരിച്ച് കുട്ടികളിൽ അത് സന്നിവേശിപ്പിക്കാനും ശ്രമിക്കാറുണ്ട്.
പഴയകാല കേരളീയ അടുക്കളയിൽ ഉണ്ടാക്കിയെടുക്കുന്ന വിഭവങ്ങൾക്കാണ് ഹോട്ടലുകളിൽപോലും പ്രിയം. കേരള തനിമയുള്ള പേരുകളും കേരള മാതൃകയിൽ പണികഴിപ്പിക്കുന്ന ഇന്റീരിയറുംകൊണ്ട് ഗൾഫ് നാടുകളിലെ ഹോട്ടലുകൾ മുഖം മിനുക്കുന്നു. കഞ്ഞിയും പയറും ദാരിദ്ര്യത്തിന്റെ അടയാളമായിരുന്നെങ്കിൽ ഇന്നത് സ്റ്റാർ ഹോട്ടലിന്റെ തീൻമേശയിൽ ഇടം പിടിച്ച അഭിമാന മെനുവാണ്.
കപ്പ കൊണ്ടുള്ള വിഭവങ്ങളിൽ ബിരിയാണി അടക്കമുണ്ട്. പുട്ടിനു മാത്രമായുള്ള സ്ഥാപനങ്ങൾ കൂടാതെ ഒമാനിൽ, ദോശ, അപ്പം അങ്ങനെ നമ്മുടെ ഒരു ഭക്ഷണവും വംശനാശം സംഭവിച്ചില്ല. മറിച്ച് പൂർവാധികം ശക്തിയോടെ മുന്നോട്ടുവരുകയാണ്.
മലയാളവും മലയാളിയും പ്രവാസ ലോകത്തും മാറുന്നില്ല. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും മലയാളികളുടെ പോയകാല തനിമയിൽ തന്നെ ആഘോഷമായി കൊണ്ടാടുന്നു. മാവേലിയും സെറ്റുമുണ്ടും കേരള സാരിയും ഒപ്പനയും മാർഗം കളിയും കരോൾ ഗാനവുമായി മലയാളികൾ കേരളത്തെ കടലിനിക്കരയും നെഞ്ചോടു ചേർക്കുന്നു.
പ്രവാസലോകത്തെ ഓണാഘോഷ പരിപാടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.