മസ്കത്ത്: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിച്ച പ്രഥമ മഞ്ഞപ്പട സൂപ്പർ കപ്പ് 2023ൽ മസ്കത്ത് ഹാമേഴ്സ് എഫ്.സി ജേതാക്കളായി. നിശ്ചിത സമയത്തിൽ 1-1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് ഷൂട്ടേഴ്സ് ഡൈനമോസ് എഫ്.സിയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജയപ്പെടുത്തിയാണ് മസ്കത്ത് ഹാമേഴ്സ് മഞ്ഞപ്പട സൂപ്പർ കപ്പിൽ മുത്തമിട്ടത്. മസ്കത്തിലെ പ്രധാനപ്പെട്ട 16 പ്രവാസി ടീമുകൾ പങ്കെടുത്ത വാശിയേറിയ ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷൂട്ടേഴ്സ് ഡൈനമോസ് എഫ്.സിയും മൂന്നാം സ്ഥാനം ബർക്ക ബ്രദേഴ്സ് എഫ്സിയും കരസ്ഥമാക്കി.
മികച്ച പ്രകടനം കാഴ്ചവെച്ചവരെ വ്യക്തിഗത ട്രോഫികളും നൽകി ആദരിച്ചു. ആവേശം നിറഞ്ഞുനിന്ന ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി ഓണാഘോഷ പരിപാടികളോടുകൂടിയാണ് മഞ്ഞപ്പട സൂപ്പർ കപ്പ് അവതരിപ്പിച്ചത്. വടംവലി മത്സരവും മാവേലിയുടെ വരവേൽപ്പും മറ്റു കലാകായിക മത്സരങ്ങളുമെല്ലാം കാണികൾക്ക് സുഖമുള്ള ഓർമകൾ നൽകിയാണ് കടന്നുപോയത്. വിജയകരമായി അവസാനിച്ച ടൂർണമെന്റിന്റെ കൃത്യമായ നടത്തിപ്പിന് വേണ്ടി സഹകരിച്ച എല്ലാവർക്കും സംഘാടക സമിതിക്ക് വേണ്ടി ചെയർമാൻ ബിബി മാത്യുവും കൺവീനർ അനീഷും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.