മസ്കത്ത്: സൂറിൽ നടന്നുകൊണ്ടിരിക്കുന്ന മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി മീൻപിടിത്ത മത്സരം നടത്തി. ഒമാനി മത്സ്യത്തൊഴിലാളി അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. 120ലധികം മത്സ്യത്തൊഴിലാളികളും 25 ബോട്ടുകളും മഞ്ഞ ഫിൻ ട്യൂണയെ പിടിക്കാനുള്ള മത്സരത്തിൽ പങ്കെടുത്തതായി മത്സ്യത്തൊഴിലാളി അസോസിയേഷൻ വൈസ് പ്രസിഡന്റും മത്സരത്തിന്റെ സംഘാടക സമിതി ചെയർമാനുമായ അഹമ്മദ് അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. വലിയ വള്ളങ്ങൾ, ചെറുവള്ളങ്ങൾ, പിടിക്കപ്പെട്ട ഏറ്റവും വലിയ മത്സ്യം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. പുലർച്ച നാലിന് സൂർ തുറമുഖത്തുനിന്നായിരുന്നു മത്സരം തുടങ്ങിയിരുന്നത്.
മൂന്നു വിഭാഗങ്ങളിലുമായി 5,800 റിയാലിന്റെ സമ്മാനത്തുകയാണുണ്ടായിരുന്നത്. ഒന്നാം വിഭാഗത്തിൽ 2000, 1000, 500 എന്നിങ്ങനെയായിരുന്നു യഥാക്രമം ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നൽകിയത്. രണ്ടാം വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 1,000 റിയാലും നൽകി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 600, 400 റിയാലും കൈമാറി. ഏറ്റവും വലിയ മീൻ പിടിച്ച മത്സരാർഥിക്ക് 300 റിയാലും സമ്മാനിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പിന്തുണക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ അറിയാനുള്ള ഒരു വേദികൂടിയായി മത്സരം മാറി. അതേസമയം, തൊഴിലന്വേഷകരെ ഈ മേഖലയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ഉദ്ദേശ്യമായിരുന്നുവെന്ന് ബലൂഷി പറഞ്ഞു.
തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസിന്റെയും നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുടെയും സഹകരണത്തോടെ പൈതൃക വിനോദ മന്ത്രാലയമാണ് മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ മാസം 19 വരെ നടക്കുന്ന പരിപാടി വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിൽ സൂറിന്റെ പങ്ക് ഉയർത്തിക്കാട്ടും. സമുദ്ര പൈതൃക ഗ്രാമം, ഒമാനി ഫുഡ് കാർണിവൽ, സമുദ്ര പൈതൃക കരകൗശല വസ്തുക്കൾക്കായി സമർപ്പിച്ചിരിക്കുന്ന കോർണർ, സാംസ്കാരിക പരിപാടികൾക്കുള്ള തിയറ്റർ, നാടോടി കളികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഗവർണറേറ്റിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. പരമ്പരാഗത കടൽയാത്രയുടെ അനുകരണവും ഒമാനി കപ്പലുകളുടെ യാത്രയും ചരക്കുകൾ കൊണ്ടുപോകുന്നതിനും കയറ്റുന്നതിനുമുള്ള സംവിധാനവും ഫെസ്റ്റിവലിൽ അവതരിപ്പിക്കും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി വീക്ഷിക്കാനായി നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.