മത്ര: കലിതുള്ളി പെയ്ത മഴയിൽ മത്രയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി വ്യാപക നാശം. ഞായറാഴ്ച അർധരാത്രി ഒന്നിനാണ് മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായെത്തിയ മഴയിൽ മുന്നൊരുക്കമൊന്നും നടത്താതിരുന്നതിനാൽ കനത്തനഷ്ടമാണ് മലയാളികളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായത്. രാത്രിയായതിനാല്‍ മിക്കവരും ഉറക്കത്തിലായിരുന്നു. കാലാവസ്ഥ വ്യതിയാന സൂചകമായി ഉണ്ടാകാറുള്ള കാര്‍മേഘമോ മറ്റോ നേരത്തേ ദൃശ്യമായിരുന്നില്ല.
മഴയോടൊപ്പം പ്രളയ സമാനമായി വാദി കൂടി കുത്തിയൊലിച്ച് എത്തിയതോടെ സൂഖിന് ഇരുവശവുമുള്ള ജനങ്ങള്‍ക്ക് തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ പ്രതിരോധിക്കാന്‍ വേണ്ടി റോഡ്മുറിച്ച് കടക്കാന്‍ പോലും സാധിച്ചിരുന്നില്ല. വെള്ളമൊഴുക്ക് തിങ്കളാഴ്ച പകല്‍ ഏറെനേരംവരെ തുടരുകയും ചെയ്തു. ഏതാണ്ട് ഒട്ടുമിക്ക കടകളിലും വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. വാദിയില്‍ വെള്ളം കയറാത്ത കടകളില്‍ സീലിങ് തകര്‍ന്നുള്ള ചോര്‍ച്ചയിലൂടെയും മഴ വെള്ളം വീണ് സാധനങ്ങള്‍ ഉപയോഗശൂന്യമായി.
എല്ലായിടത്തും ഒരാള്‍ പൊക്കത്തിലാണ് വെള്ളം പൊങ്ങിയത്. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മുനിസിപ്പാലിറ്റിയുടെ മാലിന്യവീപ്പകൾ ഇളകി ഒഴുകിപ്പരന്ന് ഗല്ലികളില്‍ ബ്ലോക്കായി കിടന്നതോടെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം നേരിട്ടു. ഇതും കടകള്‍ക്ക് അകത്തേക്ക് വെള്ളം കയറാന്‍ കാരണമായി. അതേസമയം, വാഹനത്തില്‍ എത്തി വാദിയിലകപ്പെട്ട സൂഖിലെ വസ്ത്ര വ്യാപാരിയായ ഗുജറാത്ത് സ്വദേശിയെയും സുഹൃത്തിനെയും സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
സൂഖിലെ രണ്ടാം കവാടത്തിലുള്ള സൂചന ബോർഡ് സ്ഥാപിച്ച തൂണില്‍ വാഹനം കുടുങ്ങിക്കിടന്നതുകൊണ്ടാണ് വ്യാപാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്താനായത്. വടകര സ്വദേശിയായ ഇസ്മയില്‍, തൃശൂര്‍ സ്വദേശികളായ സൈഫുല്ല, ബിജു, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി മൂസ, ഇരിക്കൂര്‍ സ്വദേശി മര്‍സൂഖ്, ദുൈബ ഷോപ്പിങ്, സിറിയന്‍ സ്വദേശിയുടെയും അക്തര്‍ ഉസ്മാന് ബലൂഷിയുടെയും കരകൗശല സ്ഥാപനങ്ങൾ തുടങ്ങിയ നൂറുക്കണക്കിന് കടകളിലാണ് വെള്ളംകയറി ആയിരക്കണക്കിന് റിയാലിന്റെ നഷ്ടമുണ്ടായത്. നിരവധി ഗോഡൗണുകളും വെള്ളംകയറി നശിച്ചു. മത്ര സൂഖിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ പൂര്‍ണമായും വെള്ളംകയറി നശിച്ചു. തന്റെ ജീവിതോപാധിയായ കാമറയും കമ്പ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും നശിച്ചതായി ആലപ്പുഴ സ്വദേശി സാലി പറഞ്ഞു.
സൂഖിലെ സ്ഥാപനങ്ങള്‍ക്ക് കാലവസ്ഥ ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഇൻഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ നഷ്ടം വ്യാപാരികള്‍തന്നെ സഹിക്കേണ്ട അവസ്ഥയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുണ്ടായ കച്ചവട നഷ്ടങ്ങളൊക്കെ നികത്തി ഒരു വിധം മെച്ചപ്പെട്ടു വരുമ്പോഴാണ് ദുരിതം വിതച്ച് വീണ്ടും മഴയെത്തിയത്. സാധാരണ ശൈത്യം മാറി ചൂട് ആരംഭിക്കാനുള്ള സൂചനെയന്നോണം ഈ സമയത്ത് ദുര്‍ബലമായ മഴ പതിവുള്ളതാണ്. പക്ഷേ, ഇത്തവണ പതിവ് തെറ്റിച്ച് ദുരിതപ്പെയ്താണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.