മസ്കത്ത്: സൂർ ഇന്ത്യൻ സ്കൂളിലെ സ്റ്റുഡൻസ് കൗൺസിലിന്റെ സ്ഥാനാരോഹണം പ്രഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. സ്കൂൾ ഗായകസംഘം പ്രാർഥനഗാനം ആലപിച്ചു. പത്താം ക്ലാസിലെ ഇൻഷ കമ്രാൻ സ്വാഗത പ്രസംഗം നടത്തി. പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ സ്കൂൾ പതാക ഹെഡ് ബോയ് മുഹമ്മദ് സാക്കി, ഹെഡ് ഗേൾ സി.എസ്. കീർത്തന എന്നിവർക്ക് സമ്മാനിച്ചു. ഹൗസുകളുടെ പതാക സമർപ്പണവും പ്ലക്കാർഡുകളുടെ വിതരണവും നടന്നു. സ്കൂൾ കൗൺസിൽ അംഗങ്ങൾക്ക് എസ്.എം.സി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു സാഷുകളും ബാഡ്ജുകളും സമ്മാനിച്ചു. സ്കൂൾ സ്റ്റുഡന്റ് കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, വിദ്യാർഥി സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും ഭാവിതലമുറയിലെ വിദ്യാർഥികൾക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് റാവു പറഞ്ഞു. സ്കൂൾ കൗൺസിൽ വ്യക്തിഗത നേട്ടത്തിനോ അംഗീകാരത്തിനോ ഉള്ള ഒരു വേദി മാത്രമല്ല, സഹ വിദ്യാർഥികളുടെ ജീവിതത്തിൽ മാറ്റം വരുത്താനുള്ള യഥാർഥ അവസരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അഡ്വ. ടി.പി. സഈദ്, അംഗങ്ങളായ ഷബീബ് മുഹമ്മദ് നിഷ്രീൻ എന്നിവർ പങ്കെടുത്തു. കൗൺസിലിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ നിർവഹിച്ചു. സ്കൂൾ ഗായകസംഘം ‘ഐ ഹാവ് എ ഡ്രീം’ എന്ന ഗാനവും ആലപിച്ചു. ഹെഡ് ബോയ് മുഹമ്മദ് സാക്കി, ഹെഡ് ഗേൾ സി.എസ്. കീർത്തന എന്നിവർ സംസാരിച്ചു.
കൗൺസിൽ തലവന്മാർ സ്കൂളിനെ നയിക്കുമെന്ന് പ്രതിജ്ഞയുമെടുത്തു. പത്താം ക്ലാസിലെ കാരിസ് സ്റ്റാഫ്രീന നന്ദി പറഞ്ഞു. കൗൺസിൽ അംഗങ്ങൾ, ഹൗസ് ഇൻ-ചാർജുകൾ, സ്കൂളിലെ മറ്റ് ഭാരവാഹികൾ എന്നിവരുടെ ഫോട്ടോ സെഷനും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.