മസ്കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചുകിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളിറ്റന്‍സ് എറണാകുളം ഒമാന്‍ ചാപ്റ്റര്‍ ഗ്രാൻഡ് ലോഞ്ചും കലാപരിപാടികളും ഈ മാസം ഒമ്പതിനു വൈകീട്ട് ഏഴു മണി മുതല്‍ റൂവി അല്‍ ഫലാജ് ഗ്രാൻഡ് ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സിനിമാതാരം ഹരിശ്രീ അശോകന് മുഖ്യാതിഥിയാകും. മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന മെന്റലിസം ഷോ ‘ട്രിക്സ് മാനിയ’, സുധീര്‍ പറവൂര്‍ നയിക്കുന്ന കോമഡി ഷോ തുടങ്ങിയവയും അരങ്ങേറും.
ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം ജില്ലക്കാരായ മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കുന്നത്. കൊച്ചി കോർപറേഷനിൽ പ്രവാസി ഹെല്പ് ഡെസ്ക് ആരംഭിക്കുന്നതിനെ കുറിച്ച് മേയറുമായി ഇതിനോടകം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉടന്‍ തന്നെ ഇതിന്റെ ഔഗ്യോഗിക പ്രഖ്യാപനം മേയര്‍ നേരിട്ടു മസ്കത്തിലെത്തി നടത്തും. എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുമായി സഹകരിച്ച് മെട്രോപൊളിറ്റന്‍സ് എറണാകുളം അംഗങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ലോഞ്ചിങ് പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. വൈകീട്ട് ആറു മുതല്‍ ഗേറ്റ് ഓപ്പണ്‍ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ‘മെട്രോപൊളിറ്റന്‍സ് എറണാകുളം’ പ്രസിഡന്റ് സിദ്ദിക്ക് ഹസ്സന്, ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്, വൈസ് പ്രസിഡന്റ് ഹൈദ്രോസ് പുതുവന, ഐ.ടി. ഇന്‍ചാര്‍ജ് സെക്രട്ടറി പിമിന് പോളി, കോഓഡിനേറ്റര്‍ ഹാഫിസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.