മസ്കത്ത്: മൈക്രോസോഫ്റ്റ് വിൻഡോസ് സാങ്കേതിക തകരാർ മൂലം ആഗോളവ്യാപകമായുണ്ടായ പ്രശ്നം ഒമാനിലെ വിമാനത്താവങ്ങളെ സാരമായി ബാധിച്ചില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തിൽ ഡൽഹിയിൽനിന്നുള്ള സർവിസിനെയാണ് ഞങ്ങളെ ബാധിച്ചതെന്ന് ഒമാൻ എയർ പ്രസതാവനയിൽ പറഞ്ഞു. എയർപോർട്ട് സംവിധാനം തകരാറിലായതിനാൽ മാനുവൽ ചെക്ക്-ഇൻ നടപടികളാണ് നടത്തിയതെന്ന് കമ്പനി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ആഗോള ഐ.ടി തകരാർ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സലാം എയറും പ്രസതാവനയിൽ പറഞ്ഞു. വിവരങ്ങൾ യഥാ സമയം യാത്രക്കാരെ അറിയിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ വൈകിയതായി യാത്രക്കാർ പറഞ്ഞു.
ആഗോളതലത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സാങ്കേതിക തകരാണ്ടായത്. ബ്ലൂ സ്ക്രീൻ ഡെത്ത് എന്ന പേരിലറിയപ്പെടുന്ന പ്രശ്നമാണ് മൈക്രോസോഫ്റ്റിനുണ്ടായത്. ഇതുമൂലം ആളുകൾക്ക് മെക്രോസോഫ്റ്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൗഡ് സ്ട്രൈക്ക് എന്ന സ്ഥാപനം നൽകിയ അപ്ഡേറ്റാണ് മൈക്രോസോഫ്റ്റിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. വിൻഡോസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഗുരുതര പ്രശ്നമുണ്ടാവുമ്പോഴാണ് നീല നിറത്തിലുള്ള സ്ക്രീനും അതിനൊപ്പം മുന്നറിയിപ്പ് സന്ദേശവും പ്രത്യക്ഷപ്പെടാറ്.
തകരാർ മൂലം വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മാധ്യമങ്ങളുടെ വരെ പ്രവർത്തനം താളംതെറ്റി. ഇന്ത്യയിൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ പ്രവർത്തനത്തെ തകരാർ ബാധിച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ രാജ്യത്തെ പ്രമുഖ എയർലൈനുകളെല്ലാം തന്നെ മൈക്രോസോഫ്റ്റിന്റെ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. യു.എസ്, ന്യൂസിലാൻഡ്, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ വിമാന സർവീസും മൈക്രോസോഫ്റ്റ് തകരാറിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.