മസ്കത്ത്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താനൊരുങ്ങി അധികൃതർ. 2040ഓടെ ലോകത്തിലെ ഏറ്റവും മികച്ച 300 സർവകലാശാലകളിൽ മൂന്നെണ്ണം ഒമാനിന്റെതായിരിക്കണമെന്നാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസം, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. ബഖിത് ബിൻ അഹ്മദ് അൽ മഹ്രി പറഞ്ഞു. ഒമാൻ ടി.വിയുടെ വിത്ത് യൂത്ത് എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണത്തിനേക്കാൾ, ഗുണമേന്മയുള്ളതും ആഗോള നിലവാരത്തിന് തുല്യവുമായ വിദ്യാഭ്യാസമാണ് ഉദ്ദേശിക്കുന്നത്.
ഒമാൻ വിഷൻ 2040ലൂടെ സർവകലാശാലകളുടെയും കോളജുകളുടെയും പുരോഗതിയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മിക്ക സ്വകാര്യ സർവകലാശാലകളും വർഷങ്ങളായി വളരെയധികം പരിശ്രമത്തിലൂടെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും ലാഭകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതികളുടെയും അധ്യാപന രീതികളുടെയും അവലോകനങ്ങൾ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് പതിവായി നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആകെയുള്ള 28 സ്ഥാപനങ്ങളിൽ ഒമ്പതെണ്ണം അക്കാദമിക് അക്രഡിറ്റേഷൻ നേടിയിട്ടുണ്ട്. എന്നാൽ, ചില സ്ഥാപനങ്ങൾ ഇതുവരെ അക്കാദമിക് അക്രഡിറ്റേഷന് അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.