മസ്കത്ത്: തലസ്ഥാന നഗരിയിൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പർക്കിങ് ഏർപ്പെടുത്താനുള്ള തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. ഉരീദോ സ്റ്റോറിന് പിൻവശമുള്ള അൽ ഖൂദ് മാർക്കറ്റ്, റൂവിയിലെ സുൽത്താൻ ഖാബൂസ് മസ്ജിദിന് ചുറ്റുവട്ടം, അൽ ഖുവൈർ സൗത്തിലെ വാണിജ്യ കെട്ടിടങ്ങൾക്ക് എതിർവശമുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലാണ് പുതുതായി പെയ്ഡ് പാർക്കിങ് സംവിധാനമൊരുങ്ങുന്നത്.
ഞായറാഴ്ച മുതൽ ഈ സ്ഥലങ്ങളിൽ വാഹന പാർക്കിങ്ങിന് ഫീസ് നൽകേണ്ടിവരും. സൗജന്യ പാർക്കിങ് സ്ഥലങ്ങളിൽ സ്വകാര്യവാഹനങ്ങൾ ദീർഘനേരം നിർത്തിയിടുന്നത് ഗതാഗത തടസ്സങ്ങൾക്കിടയാക്കാറുണ്ട്. ഇതിന് പരിഹാരം കാണുക എന്നതുകൂടി പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. വാഹനം പാര്‍ക്ക് ചെയ്യാനുള്ളവർക്ക് 90091 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാര്‍ നമ്പര്‍, ആവശ്യമായ സമയം എന്നിവ രേഖപ്പെടുത്തണം. 30 മിനിറ്റ് മുതല്‍ 300 മിനിറ്റ് വരെ സമയത്തേക്ക് ബുക്കിങ് നടത്താം. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഇതേ നമ്പറില്‍ വീണ്ടും എസ്.എം.എസ് അയക്കണം.
മസ്കത്ത് നഗരസഭയുടെ ബലദിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും പാര്‍ക്കിങ് ബുക്ക് ചെയ്യാനാകും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി ഒഴികെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ് ഫീസ് ഈടാക്കുക. പാർക്കിങ് മീറ്ററുകൾ സമീപഭാവിയിൽതന്നെ നീക്കം ചെയ്യുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ ഇലക്ട്രോണിക് റിസർവേഷനെയോ എസ്.എം.എസോ ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.