മസ്കത്ത്: അഞ്ചു ദിവസത്തിനിടെ 32,000ത്തിലേറെ 12ാം ക്ലാസ് വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവസാന വർഷ ജനറൽ എജുക്കേഷൻ ഡിപ്ലോമ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കുത്തിവെപ്പ് മേയ് 26നാണ് തുടങ്ങിയത്.
ജൂൺ അവസാനത്തിൽ ആരംഭിക്കുന്ന പരീക്ഷക്ക് മുമ്പായി 70,000ത്തിലേറെ വിദ്യാർഥികൾക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ഗവർണറേറ്റുകളിലും വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ സഹകരിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. പരീക്ഷക്ക് ഹാജരാകുന്ന അധ്യാപകരും മറ്റു ജീവനക്കാരും മൂല്യനിർണയത്തിൻെറ ഭാഗമാകുന്നവരും വാക്സിനെടുക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ വാക്സിനേഷൻ നിരക്ക് രേഖപ്പെടുത്തിയത് മസ്കത്ത് ഗവർണറേറ്റിലാണ്. ഇവിടെ 47 ശതമാനം വിദ്യാർഥികളും കുത്തിവെപ്പെടുത്തു. നോറത്ത് അൽ ബാത്തിനയിൽ 39 ശതമാനവും അൽ ദഖ്ലിയയിൽ 44 ശതമാനവുമാണ് വാക്സിനേഷൻ നിരക്ക്.
പ്രായമായവർക്കും രോഗികൾക്കും പൊലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് രാജ്യത്ത് വാക്സിൻ നൽകിക്കൊണ്ടിരുന്നത്. പ്രത്യേക പരിഗണന നൽകിയാണ് 12ാം ക്ലാസ് വിദ്യാർഥികൾക്ക് കുത്തിവെപ്പ് സൗകര്യമൊരുക്കിയത്. എല്ലാ വിദ്യാർഥികളോടും കുത്തിവെപ്പിന് ഹാജരാകാൻ ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.