മസ്കത്ത്: വായനയുടെ വസന്തം തീർത്ത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 21 മുതൽ നടക്കും. മാർച്ച് രണ്ടുവരെ നടക്കുന്ന മേളയുടെ 28ാമത് പതിപ്പിൽ 34 രാജ്യങ്ങളിൽനിന്നായി 847 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് സുൽത്താൻ അൽ ബുസൈദി അറിയിച്ചു.
എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മമാരിയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ദാഹിറയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. ദാഹിറയുടെ ബൗദ്ധിക സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്നതിന് പ്രത്യേക പവലിയനും പരിപാടികളും ഉണ്ടാകുമെന്ന് ബുസൈദി പറഞ്ഞു.
11 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ സാംസ്കാരിക പരിപാടികളും പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്ന് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഡയറക്ടർ അഹമ്മദ് സൗദ് അൽ റവാഹി പറഞ്ഞു. 6,22,000 തലക്കെട്ടുകളിലായി അറബിയിൽ 2,68,000വും വിദേശ ഭാഷയിൽ 20,000വും പുസ്തകങ്ങൾ അവതരിപ്പിക്കും. നാടക പ്രദർശനങ്ങൾ, ശിൽപശാലകൾ, ഭാഷ കോർണർ, കുട്ടികളുടെ മ്യൂസിയം കോർണർ, ഗ്രീൻ കോർണർ എന്നിവയുൾപ്പടെ ‘കുട്ടികൾക്കും കുടുംബത്തിനും’ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കുമായി പ്രത്യേക വിഭാഗം അനുവദിച്ചിട്ടുണ്ടെന്ന് അൽ റവാഹി പറഞ്ഞു.
സംസ്കാരത്തിലും പുസ്തക പ്രസിദ്ധീകരണത്തിലും നിർമിത ബുദ്ധിയുടെ (എ.ഐ) സ്വാധീനം എന്നതാണ് മേളയുടെ പ്രധാന വിഷയം. മേളയിലെത്തുന്ന സന്ദർശകരെ വഴി കാട്ടാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഉണ്ടാകും. ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലിയുടെ സഹായി ശൈഖ് കഹ്ലാൻ അൽ ഖരോസിയുടെ പ്രഭാഷണവും നടക്കും. വിവിധ പരിപാടികളുമായി ഫലസ്തീനും മേളയുടെ ഭാഗമാകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.