മസ്കത്ത്: വായനയുടെ നറുമണം വിതറി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 27ാം പതിപ്പിന് തിരശ്ശീല വീണു. 11 ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന അക്ഷര മേളയിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.
32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകരാണ് മേളയിൽ പങ്കെടുത്തത്. ലോക ക്ലാസിക്കുകൾ, നോവലുകൾ, ബാലസാഹിത്യങ്ങൾ, ശാസ്ത്രം തുടങ്ങി എല്ലാവിധ വിഷയങ്ങളും അന്വേഷിച്ച് വായനക്കാർ മേളയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി ഇത്തവണ കൂടുതൽ ആളുകളെ പുസ്തക നഗരിയിലേക്ക് എത്തിക്കാൻ സംഘാടകർക്ക് സാധിച്ചു. കുട്ടികളും യുവാക്കളുമായിരുന്നു കൂടുതലായി എത്തിയിരുന്നു എന്നുള്ളതും ശ്രദ്ധയമാണ്.
1194 പവിലിയനുകളായി 5900 ആധുനിക പ്രസിദ്ധീകരണങ്ങളും 204,411 വിദേശ പുസ്തകങ്ങളും 260,614 അറബിക് പുസ്തകങ്ങളുമായിരുന്നു വായനക്കാർക്കായി സജ്ജീകരിച്ചിരുന്നത്. 5,900 പുസ്തകങ്ങളും മേളയിൽ പ്രകാശനംചെയ്തു.
തത്സമയ സന്ദർശകരുടെ എണ്ണം, അവരുടെ പ്രായം, വിഭാഗങ്ങൾ എന്നിവ അറിയാനും എക്സിബിഷനുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും ശേഖരിക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നതിന് ഇത്തവണ കൃത്രിമബുദ്ധിയും ഉപയോഗിച്ചിരുന്നു.
പുസ്തകമേളയുടെ ഭാഗമായി നടന്ന സാമൂഹിക-സാംസ്കാരിക പരിപാടികൾക്ക് വൻ ജനപങ്കാളിത്തമാണുണ്ടായത്. സമാപന ദിവസമായ ശനിയാഴ്ചയും കനത്ത തിരക്കാണ് പുസ്തകനഗരിയിൽ അനുഭവപ്പെട്ടത്. കുട്ടികളുടെയും യുവാക്കളുടെയുമൊക്കെ സാന്നിധ്യം അക്ഷരക്കൂട്ടുകളിൽനിന്ന് പുതുതലമുറ അകന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണെന്ന് സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.