മത്ര സ്ക്വയർ പദ്ധതിയുടെ രൂപരേഖ 

മത്ര സ്ക്വയർ പദ്ധതി നടപ്പാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി

മസ്കത്ത്: പ്രഥമ ബിൽ അറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ് നേടിയ 'മത്ര സ്ക്വയർ പദ്ധതി' മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടനയാകും പദ്ധതി നടപ്പാക്കുന്നതിലൂടെ മത്രക്ക് കൈവരിക. പദ്ധതി മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന ചടങ്ങിൽ മസ്‌കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു.

അൽ വഹാത് ക്ലബ്ബിൽ നടന്ന പരിപാടിയിൽ മസ്‌കത്ത് മുനിസിപ്പാലിറ്റിയും സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയവുമായാണ് കരാറിൽ ഒപ്പുവെച്ചത്. ഒമാനി യുവാക്കളുടെ കഴിവുകളെ ഉപയോഗിക്കാനും അവരുടെ ഡിസൈനുകൾ സമൂഹത്തിനായി വിനിയോഗിക്കാനും ചുറ്റുപാടുകൾക്ക് സൗന്ദര്യാത്മകത നൽകുന്നതുമായ ലാൻഡ്‌മാർക്കുകളിലേക്ക് മാറ്റാനുമുള്ള അവാർഡിന്റെ ലക്ഷ്യങ്ങളുടെ സ്ഥിരീകരണമാണ് ഈ കരാറെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.

അഹമ്മദ് മുഹമ്മദ് അൽ ഗദാമി, ഉമൈമ മഹ്മൂദ് അൽ ഹിനായ്, അബ്ദുല്ല സാലിഹ് അൽ ബഹ്‌രി എന്നിവരുടെ മത്ര സ്‌ക്വയർ പദ്ധതിയായിരുന്നു പ്രഥമ ബില്‍ അറബ് ബിന്‍ ഹൈതം പുരസ്‌കാരം നേടിയിരുന്നത്. ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്കായിരുന്നു പുരസ്‌കാരം. 20,000 റിയാലായിരുന്നു സമ്മാനത്തുക.

പദ്ധതി നടപ്പാക്കാൻ കരാറിൽ ഒപ്പുവെച്ചതിൽ ഡിസൈൻ ടീം വളരെ സന്തുഷ്ടരാണ്. രാജകീയ നിർദേശങ്ങൾ നൽകിയ സുൽത്താന് നന്ദി അറിയിക്കുകയാണെന്ന് ബഹ്‌രി പറഞ്ഞു. ഒമാനി യുവാക്കൾക്ക് വാസ്തുവിദ്യ മേഖലയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ബിൽ അറബ് അവാർഡ്. ഈ മത്സരം വിജയകരമാക്കാൻ പരിശ്രമിച്ച ബിൽ അറബ് ബിൻ ഹൈതമിനും അവാർഡ് കമ്മിറ്റിക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുനിസിപ്പാലിറ്റിയിലെ വിദഗ്ധരുടെ വൈദഗ്ധ്യം ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് സുഗമമാക്കുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹമീദി പറഞ്ഞു. ഈ അവാർഡ് ഒരു സുപ്രധാന ചുവടുവെപ്പാണ്, കൂടാതെ ആർക്കിടെക്ടുകൾക്കും എൻജിനീയർമാർക്കും നല്ല അവസരമാണ്. അവാർഡിന്റെ വരുന്ന പതിപ്പുകളിൽ രാജ്യത്തെ സേവിക്കുന്ന നൂതന ആശയങ്ങളിൽ ഏർപ്പെടാൻ യുവാക്കൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 7,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സുൽത്താൻ ഖാബൂസ് തുറമുഖം ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന മത്ര ഒമാനി നാഗരികതയുടെ ചരിത്രപരവും സാംസ്കാരികവുമായ സുപ്രധാന സ്ഥലമാണ്.

Tags:    
News Summary - Muscat Municipality to implement Matra Square project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.