മസ്കത്ത്: ഇന്ത്യൻ ഇസ്ലാമിക നാഗരികതയുടെ സൗന്ദര്യാത്മകത തുറന്നുകാണിക്കുന്ന പ്രദർശനത്തിന് ദേശീയ മ്യൂസിയത്തിൽ തുടക്കമായി. കുവൈത്തിലെ ഹൗസ് ഓഫ് ഇസ്ലാമിക് ആന്റിക്വിറ്റീസുമായി സഹകരിച്ചാണ് നാഷനൽ മ്യൂസിയം ‘ഓർണമെന്റ്: ദി സ്പ്ലെൻഡർ ഓഫ് ദി സുൽത്താൻസ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഒരു പ്രദർശനം നടത്തുന്നത്.
സയ്യിദ മിയാൻ ബിൻത് ഷിഹാബ് അൽ സഈദിന്റ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ. ദേശീയ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൗസാവി ഉദ്ഘാടനം ചെയ്തു. അന്തരിച്ച ശൈഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, ശൈഖ ഹെസ്സ സബാഹ് അൽ സലേം അൽ സബാഹ് എന്നിവരുടെ ശേഖരത്തിൽ നിന്നുള്ള 130ലധികം അതുല്യവും വിശിഷ്ടവുമായ കലാരൂപങ്ങളാണ് പ്രദർശനത്തിലുള്ളത്.
കൊത്തിയെടുത്ത രത്നങ്ങൾ, ആയുധങ്ങൾ, 1970കളുടെ പകുതി മുതൽ ശേഖരിച്ച ആഡംബര ആഭരണങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. പ്രത്യേകിച്ച് 16ഉം 18ഉം നൂറ്റാണ്ടുകളിൽ ഇവ ഉണ്ടാക്കിയ ഇന്ത്യൻ ജ്വല്ലറികളുടെ കഴിവുകൾ പ്രതിഫലിപ്പിക്കുന്ന ഈ ശേഖരം ലോകത്തിലെ പുരാതനവും ഇസ്ലാമികവുമായ കലകളുടെ ഏറ്റവും വിശിഷ്ടമായ ശേഖരങ്ങളിലൊ ന്നാണ്. എക്സിബിഷൻ സെപ്റ്റംബർ 12വരെ തുടരും.
പ്രദർശനത്തിലുള്ള വസ്തുക്കൾ
പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. എ.ഡി 1449 മുതൽ തിമൂറിഡ് ഭരണാധികാരിയായിരുന്ന ഉലുഗ് ബേഗിന്റെ പേര് ആലേഖനം ചെയ്ത വിലയേറിയ കല്ല്, എ.ഡി 1637-1638 കാലഘട്ടത്തിൽ ഷാജഹാൻ ചക്രവർത്തിയുടെ ജേഡ് പെൻഡന്റ് (സ്വർണത്തേക്കാൾ വിലയുള്ള ഒരുതരം കല്ല്), എ.ഡി 1651-1652 കാലത്തെ അമ്പെത്ത് മോതിരം എന്നിവയും പ്രദർശനത്തിലുണ്ട്.
കൂടാതെ, ഇന്ത്യൻ ഇസ്ലാമിക കരകൗശലത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്ന വിലയേറിയ ആഭരണങ്ങളാൽ അലങ്കരിച്ച കഠാരകൾ, കത്തികൾ, വാളുകൾ എന്നിവയുടെ ഒരു നിരയും ഇവിടെ കാണാനാകും.
ഇസ്ലാമിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒമാനും കുവൈത്തും തമ്മിലുള്ള സഹകരണ ശ്രമങ്ങളെ അഭിനന്ദിച്ച അൽ മൗസാവി, ഒമാനിലെ ഇത്തരത്തിലുള്ള ആദ്യ പ്രദർശനമാണിതെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.