മസ്കത്ത്: തെക്കൻ ബാത്തിനയിലെ ബർകയിൽ പുതുതായി ഒരുങ്ങുന്ന ഖസാഇൻ പച്ചക്കറി-പഴം മാർക്കറ്റ് ഈ വർഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ സ്പെഷൽ ഇക്കണോമിക് സോൺ ആൻഡ് ഫ്രീ സോൺസ് (ഒപാസ്) കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളും വാർത്തസമ്മേളനത്തിൽ വിശദീകരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മാർക്കറ്റിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. മവേലയിലെ നിലവിലെ പച്ചക്കറി മാർക്കറ്റിനേക്കാൾ ഏറെ സൗകര്യത്തോടെയാണ് പുതിയ മാർക്കറ്റ് തുറക്കുക.
അതേസമയം, വിവിധ വ്യവസായിക നഗരങ്ങളിലായി 226 പ്രോജക്ടുകൾ മദിയൻ ആകർഷിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റിക് വ്യവസായ മേഖലയിലെ ഏഴ് പദ്ധതികൾ ഉൾപ്പെടെ മൊത്തം നിക്ഷേപം 203 ദശലക്ഷം റിയാൽ ആണ്. വിവിധ സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ വർഷം അവസാനം വരെ ഖസാഇൻ ഇക്കണോമിക് സോൺ നൂറിലധികം കരാറുകൾ ഒപ്പുവെച്ചു. അതോറിറ്റി നേരിട്ട് നിയമിക്കുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 75,000 കവിഞ്ഞു. ഇതിൽ സ്വദേശിവത്കരണ തോത് 34 ശതമാനമാണ്. കഴിഞ്ഞ ഡിസംബർ അവസാനംവരെ എല്ലാ മേഖലകളിലും നടത്തിയിട്ടുള്ള നിക്ഷേപത്തിന്റെ അളവ് പ്രത്യേക സാമ്പത്തിക മേഖലയിലെ ആറ് ശതകോടി റിയാൽ ഉൾപ്പെടെ 19 ശതകോടി റിയാലാണെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 75,000ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു.
388 ചതുരശ്ര കിലോമീറ്റർ ദാഹിറ ഇക്കണോമിക് സോണും 1.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ട് ഫ്രീ സോണും ഉൾപ്പെടെ എട്ട് പുതിയ സോണുകൾ ഒപാസ് വികസിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഒപാസിലെ ഉപഭോക്തൃ സംതൃപ്തി ഡിസംബറിൽ 92 ശതമാനമായിരുന്നു. പാരിസ്ഥിതിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി കഴിഞ്ഞവർഷം ജൂലൈ മുതൽ ഒപാസിന്റെ പ്രവർത്തനങ്ങൾ പേപ്പർ രഹിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.