മസ്കത്ത്: അന്താരാഷ്ട്ര നിയമസാധുത ഉയർത്തിപ്പിടിച്ച് മേഖലയിൽ കൂടുതൽ അക്രമങ്ങൾ വർധിക്കുന്നത് ഒഴിവാക്കാൻ സംയമനം പാലിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ലബനാനുമായുള്ള ഐക്യദാർഢ്യം ഉറപ്പിച്ച് വ്യക്തമാക്കുകയും ചെയ്തു. ലബനാനെ പിന്തുണച്ചുള്ള അറബ് ലീഗിന്റെ അടിയന്തര യോഗത്തിലാണ് സുൽത്താനേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനെ പ്രതിനിധീകരിച്ച് ഈജിപ്തിലെ ഒമാൻ അംബാസഡറും ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബിയാണ് പങ്കെടുത്തത്.
വ്യാപകമായ നാടുകടത്തലടക്കമുള്ള ലബനാനിന്റെ നിലവിലെ പ്രതിസന്ധി അൽ റഹ്ബി എടുത്തുപറഞ്ഞു. സിവിലിയൻമാർക്ക് അവശ്യസഹായം നൽകുന്നതിന് അടിയന്തര മാനുഷിക ശ്രമങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
70 വർഷത്തിലേറെയായി തുടരുന്ന ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശമാണ് ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും മൂലകാരണം. ഇത് അർഥവത്തായ സമാധാനശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് തുടരുകയാണ്.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും കിഴക്കൻ ജറുസലേം തലസ്ഥാനമായി പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിന്റെ അഭ്യർഥനയെ തുടർന്നാണ് നിരവധി അറബ് രാജ്യങ്ങളുടെ പിന്തുണയോടെ അടിയന്തര യോഗം വിളിച്ചത്. ദുരിതബാധിതർക്ക് വേഗത്തിൽ സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.