മസ്കത്ത്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് അന്തരീക്ഷ മലിനീകരണം കുറഞ്ഞതും ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കി ആളുകൾ തനത് ഭക്ഷണ രീതികളിലേക്കു മടങ്ങിയതും അർബുദ രോഗികളുടെ എണ്ണം കുറച്ചതായി പറയാനാകില്ലെന്ന് ഒമാനിലെ അറിയപ്പെടുന്ന അർബുദരോഗ വിദഗ്ധയായ ഡോക്ടർ രാജശ്രീ നാരായണൻ കുട്ടി അഭിപ്രായപ്പെട്ടു. അന്തർദേശീയ അർബുദ ദിനത്തോടനുബന്ധിച്ച് ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ലൈഫ് ഇൻ ഒമാൻ ഫേസ്ബുക്ക് പേജുമായി ചേർന്ന് സംഘടിപ്പിച്ച ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു അവർ.
ലോക്ഡൗൺ സമയത്തെ അതിയായ മാനസിക സമ്മർദവും വ്യായാമം ഇല്ലാതായതുമെല്ലാം കാൻസറിന് കാരണമാകുന്നവയാണ്. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ലളിതമായ പ്രാരംഭ ടെസ്റ്റുകൾ നടത്തണം. അതിന് ചെറിയ പണച്ചെലവേ വരുന്നുള്ളൂ. ഒമാൻ കാൻസർ അസോസിയേഷനിൽ സ്തനാർബുദ പരിശോധന സ്വദേശികൾക്കുപുറമെ വിദേശികൾക്കും സൗജന്യമായി ചെയ്തു കിട്ടും. ദൂരെ സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് അവിടെ സൗജന്യമായി താമസിക്കാനുള്ള സൗകര്യവും ഉണ്ട്.
ഒമാനിൽ താമസിക്കുന്ന എല്ലാ സ്ത്രീകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഡോക്ടർ രാജശ്രീ നിർദേശിച്ചു. സ്വയം ചെയ്യാവുന്ന ലളിതമായ പരിശോധനകളും ഉണ്ട്. അതോടൊപ്പം ശരീരത്തിൽ കാണുന്ന ചെറിയ മുഴകളും ശരീരഭാരം അമിതമായി കുറയുന്നതും ഒന്നുംതന്നെ അവഗണിക്കരുത്.
രോഗിയോടുള്ള സമീപനം ഏറെ പ്രധാനപ്പെട്ടതാണ്. രോഗിയുടെ മുന്നിൽവെച്ച് രോഗവിവരം അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്. അസുഖം മാറിയ ഒരാളെ ഒന്നിൽ നിന്നും അകറ്റിനിർത്തരുത്. ചികിത്സക്ക് അലോപ്പതിയെ ആശ്രയിക്കുന്നതാണ് നല്ലത്.
ഒരിക്കലും ആയുർവേദത്തെ അവഗണിക്കുന്നില്ല. എന്നാൽ, ഇതിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളെ ജാഗ്രതയോടെ നേരിടണം. അമിതമായി ഫാസ്റ്റ്ഫുഡുകൾ, ശീതള പാനീയങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഭക്ഷണത്തിന് പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗങ്ങൾ ഇവ നന്നായി ഉൾപ്പെടുത്തുക. വ്യായാമം മുടങ്ങാതെ ചെയ്യണം. അമിതമായ മാനസിക സംഘർഷത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും ഡോക്ടർ പറഞ്ഞു.
പരിപാടിക്കിടെ പ്രേക്ഷകർക്ക് സംശയങ്ങൾ ഫോണിൽ വിളിച്ചുചോദിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. നിരവധി പ്രേക്ഷകരാണ് നിരവധി സംശയങ്ങൾ ചോദിച്ചത്.മസ്കത്തിലെ കലാകാരിയായ മെജോ ജിജോയാണ് പരിപാടി അവതരിപ്പിച്ചത്. ഒമാൻ കാൻസർ അസോസിയേഷൻ സ്ഥാപക യൂത്താർ അൽ റവാഹി പരിപാടിക്ക് ആശംസകൾ നേർന്നു. അർബുദ ബോധവത്കരണ ലൈവ് പരിപാടിക്ക് പ്രേക്ഷകർ നൽകിയ പിന്തുണക്കു പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസും, ചീഫ് ഓപറേഷൻ മാനേജർ ബിനോയ് സൈമൺ വർഗീസും നന്ദി പറഞ്ഞു.പരിപാടിക്ക് നേതൃത്വം നൽകിയ ലൈഫ് ഇൻ ഒമാൻ ഓൺലൈൻ അഡ്മിൻ വി.കെ. ശഫീറിനെ അഭിനന്ദിക്കുന്നതായും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.