മസ്കത്ത്: ഇ-ഗേറ്റുകളുടെ തകരാർ മൂലം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നതായി പ്രാദേശിക പത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു. നാട്ടിൽ നിന്ന് മടങ്ങിയെത്തുന്നവരും സന്ദർശകരും വിനോദസഞ്ചാരികളുമടക്കമുള്ള യാത്രക്കാർ മൂന്ന് മണിക്കൂർ വരെയാണ് ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തുവരുന്നതിനായി കാത്തുനിൽക്കുന്നത്.
നിരവധി ഫ്ലൈറ്റുകൾ വരുന്ന സമയമാണെങ്കിൽ നീണ്ടനിരയാണ് കൗണ്ടറുകൾക്ക് മുന്നിൽ രൂപപ്പെടുന്നത്. പ്രായമായവരും രോഗികളും കുഞ്ഞുങ്ങളുമായെത്തുന്നവരും ഇതുമൂലം വലയുകയാണ്.വ്യാഴാഴ്ച രാത്രി 11.50ന് ലാൻഡ് ചെയ്ത കൊച്ചി-മസ്കത്ത് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാർ വിമാനത്താവളത്തിന് പുറത്തിറങ്ങിയത് പുലർച്ചെ 3.30നാണ്. കാത്തുനിന്ന് കാലിന് നീര് വന്നെന്ന് പ്രായമായ യാത്രക്കാർ പരാതിപ്പെട്ടു. ഇ-ഗേറ്റുകളുടെ തകരാർ മൂലം ഒരാഴ്ചയായി പല സമയത്തും ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട വരിയാണ് കാണപ്പെടുന്നത്.
കോവിഡ് കാലയളവിന് ശേഷമുള്ള ടൂറിസം സീസൺ ആരംഭിക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗത്തുനിന്ന് രാജ്യത്തേക്ക് വിദേശ വിനോദസഞ്ചാരികളെത്തുന്ന സമയമാണിത്. ഇമിഗ്രേഷൻ, ചെക്ക്-ഇൻ, സെക്യൂരിറ്റി കൗണ്ടറുകൾക്ക് മുന്നിലെല്ലാം യാത്രക്കാരുടെ നീണ്ട നിരയാണ് കാണുന്നതെന്ന് ഒമാൻ ഒബ്സർവറിന്റെ റിപ്പോർട്ടിൽ പറയുന്നു. പാസ്പോർട്ട് സ്റ്റാമ്പിങ്ങിനുവേണ്ടിയുള്ള സ്വദേശികളുടെയും റസിഡന്റ് വിസക്കാരുടെയും കാത്തുനിൽപ്പ് ഒഴിവാക്കാനാണ് റോയൽ ഒമാൻ പൊലീസ് ഇ-ഗേറ്റുകൾ സ്ഥാപിച്ചത്. എന്നാൽ, ഇവ തകരാറിലായതിനാൽ യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
ഇ-ഗേറ്റ് തകരാർ മൂലമുള്ള കാത്തുനിൽപ്പ് ഒഴിവാക്കാൻ യാത്രക്കാർ ട്രാഫിക് പിഴകളോ വിസ സംബന്ധിച്ച പിഴകളോ ഉണ്ടെങ്കിൽ അവ പരിഹരിച്ചേ വിമാനത്താവളത്തിൽ എത്താവൂയെന്നും ആവശ്യമായ രേഖകളെല്ലാം കൃത്യമായി കൈയിൽ കരുതണമെന്നും അധികൃതർ പറയുന്നു.കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറാണ് ഇ-ഗേറ്റ് തകരാർ മൂലം ഇമിഗ്രേഷൻ കൗണ്ടറിൽ തനിക്ക് കാത്തുനിൽക്കേണ്ടി വന്നതെന്ന് യാത്രക്കാരനായ രവിഷ് ശർമയെ ഉദ്ധരിച്ച് ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.