മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) വീണ്ടും ഫുട്ബാൾ ആരവം. അറബ് ഗൾഫ് കപ്പിന്റെ ഭാഗമായി ഒരുക്കിയ ഫാൻസ് സ്ക്വയറിൽ കളികാണാൻ നൂറുകണക്കിനാളുകളാണ് ആദ്യദിനത്തിൽ എത്തിയത്.
ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയുടെ (ഒമ്രാൻ) നേതൃത്വത്തിലാണ് അറബ് കപ്പിന്റെ ആരവം ജനങ്ങളിലെത്തിക്കാൻ ഫാൻസ് സ്ക്വയർ സ്ഥാപിച്ചത്. വെള്ളിയാഴ്ച ഇറാഖിലെ ബസ്റയിൽ നടന്ന ഇറാഖ്-ഒമാൻ മത്സരം കൂറ്റൻ സ്ക്രീനിൽ കാണാൻ പലരും കുടുംബവുമായാണ് എത്തിയത്.
കുട്ടികൾക്കും മറ്റും ആസ്വാദിക്കാവുന്ന വിനോദപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ നഗരിയിലെത്തിയ ആരാധക കൂട്ടം ഒമാന്‍ ജയ്വിളിച്ചും നൃത്തച്ചുവടുകൾ വെച്ചും ഫെസ്റ്റിവൽ നഗരിയിൽ ഉത്സവാന്തരീക്ഷം തീർത്തു.
ഒമാന്റെ മുന്നേറ്റങ്ങൾ കൈയടിയോടെയാണ് ആരാധകർ എതിരേറ്റത്. വാരാന്ത്യദിനവും അനുകൂലമായ കാലാവസ്ഥയുമായതിനാൽ സംഘാടകരുടെ കണക്ക് കൂട്ടലുകൾക്കുമപ്പുറത്തേക്കായിരുന്നു ആരാധകരുടെ സാന്നിധ്യം. 1300 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഫാൻസ് സ്ക്വയർ നഗരി. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് നടത്തിയിരുന്ന ഫാൻ ഫെസ്റ്റിവൽ വൻ വിജയമായിരുന്നു.
92,000 ആരാധകരായിരുന്നു കളികാണാനായി ഇവിടേക്ക് ഒഴുകിയിരുന്നത്. ഇത് നൽകിയ ആത്മ വിശ്വാസത്തിലാണ് അറബ് കപ്പിനോടനുബന്ധിച്ചും സംഘാടകർ ഫാൻസ് സ്ക്വയർ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.