മസ്കത്ത്: കേരള സെക്ടറിലേക്ക് മസ്കത്തിൽനിന്ന് പുതിയ സർവിസുമായി ഒമാൻ എയറും സലാം എയറും എത്തുന്നതോടെ യാത്ര കുടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ. ഒമാൻ എയർ തിരുവനന്തപുരത്തേക്കും സലാം എയർ കോഴിക്കോട്ടേക്കുമാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നത്. സലാം എയറിന്റെ മസ്കത്ത്-കോഴിക്കോട് സർവിസ് ഒക്ടോബർ ഒന്നു മുതൽ തുടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാത്രി 10.30ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് പുലർച്ച 3.20ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം പ്രാദേശിക സമയം പുലർച്ച 4.20ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്കത്തിൽ എത്തിച്ചേരും. മസ്കത്ത്-കോഴിക്കോട് റൂട്ടിൽ 65 റിയാൽ മുതലും തിരിച്ച് 55 റിയാലിനു മുകളിലോട്ടുമാണ് ടിക്കറ്റ് നിരക്കുകൾ കമ്പനിയുടെ വെബ്സൈറ്റിൽ കാണിക്കുന്നത്.
നിലവിൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഒമാൻ എയർ (പ്രതിദിന രണ്ടു വിമാനങ്ങൾ), എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് സർവിസ് നടത്തുന്നത്. സലാം എയർ സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്നുണ്ട്. ഒമാൻ എയർ മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് ഒക്ടോബറിൽ സർവിസ് ആരംഭിക്കും. പ്രതിദിനം സർവിസുകൾ ആകുമെന്നാണ് കരുതുന്നത്. നിലവിൽ സലാം എയറും എയർ ഇന്ത്യ എക്സ്പ്രസുമാണ് തിരുവനന്തപുരത്തേക്ക് നേരിട്ട് സർവിസ് നടത്തുന്നത്. കേരള സെക്ടറിൽ കൂടുതൽ സർവിസുകൾ വരുന്നത് യാത്രക്കാർക്ക് ഗുണം ചെയ്യുമെന്ന് സ്കൈ റെയ്സ് ട്രാവൽസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.