മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അഹമ്മദ് അൽ സയൂദി കൂടിക്കാഴ്ച നടത്തി. ബിസിനസ്, നിക്ഷേപം, സാമ്പത്തിക വൈവിധ്യവത്കരണം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മസാൻ, ഇരുവശത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫുമായും കൂടിക്കാഴ്ച നടത്തി. ബിസിനസ്, നിക്ഷേപം, സാമ്പത്തിക വൈവിധ്യവത്കരണം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. വിവിധ മേഖലകളിൽ പരസ്പര ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങളുടെ താൽപര്യങ്ങളും ഇരുവരും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനംവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ അളവ് ഏകദേശം 4.19 ശതകോടി റിയാലാണ്. യു.എ.ഇയിലേക്കുള്ള മൊത്തം ഒമാനി എണ്ണയിതര കയറ്റുമതി 917.6 ദശലക്ഷവുമാണ്, അതേസമയം ഇറക്കുമതിയുടെ അളവ് 3.272 ശതകോടി റിയാലുമാണ്. മന്ത്രിയോടൊപ്പമുണ്ടായിരുന്ന യു.എ.ഇ ബിസിനസ് പ്രതിനിധി സംഘത്തിന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഒ.സി.സി.ഐ) സ്വീകരണം നൽകി. വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ പര്യവേക്ഷണം ചെയ്തു. ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകളെക്കുറിച്ച് ഇരുവരും ആശയങ്ങൾ കൈമാറുകയും ചെയ്തു. ഒ.സി.സി.ഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്, ഒമാനി വ്യവസായികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.