മസ്കത്ത്: അഞ്ചു ദിവസത്തെ ബലിപെരുന്നാൾ അവധി നാളെ മുതൽ ആരംഭിക്കും. ഇതോടെ നാടും നഗരവും പെരുന്നാൾപൊലിമയിലേക്കു നീങ്ങും. രാജ്യത്ത് ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ആഘോഷപ്പൊലിമക്ക് കുറവുണ്ടാവില്ല. പുതുവസ്ത്രങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും അടക്കം പെരുന്നാൾ വിഭവങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് സ്വദേശി കുടുംബങ്ങൾ. പെരുന്നാളിന്റെ ഭാഗമായ മറ്റ് ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ചൂട് കൂടിയതിനാൽ അതിരാവിലെതന്നെ പെരുന്നാൾ പ്രാർഥനകൾ നടക്കും. മിക്ക ഇടങ്ങളിലും 6.10നാണ് പെരുന്നാൾ പ്രാർഥന ആരംഭിക്കുന്നത്. പെരുന്നാൾ പ്രാർഥനക്കുശേഷം വീട് സന്ദർശനവും കുടുംബ ബന്ധം ചേർക്കലുമായുള്ള കാര്യങ്ങളിൽ മുഴുകും. പെരുന്നാളിന്റെ ഭാഗമായ പ്രത്യേക പലഹാരങ്ങളും ഒമാനി ഹലുവകളും അതിഥികളെ സ്വീകരിക്കാൻ എല്ലാ സ്വദേശി വീടുകളിലും ഉണ്ടാവും.
പ്രവാസികളുടെ വലിയ ഭാഗം സ്കൂൾ അവധി കാരണം നാട്ടിലായതിനാൽ മലയാളികൾ അടക്കമുള്ളവരുടെ ആഘോഷങ്ങൾക്ക് പൊലിമ കുറയാൻ സാധ്യതയുണ്ട്. ഇത് ഈദ്ഗാഹുകളിലും മറ്റും തിരക്ക് കുറയാൻ കാരണമാകും. ചൂട് കാരണം പിക്നിക്കുകളും വിനോദസഞ്ചാരയാത്രകളും കുറയും. എന്നാൽ, ചാറ്റൽമഴയും ഈറൻ കാലാവസ്ഥയും അനുഭവപ്പെടുന്ന സലാലയിലേക്ക് ഒഴുക്ക് വർധിക്കും. നിരവധി പേർ തിങ്കളാഴ്ച മുതൽതന്നെ സലാലയിലേക്ക് യാത്ര പുറപ്പെടുന്നുണ്ട്. ജബൽ അഖ്ദർ, ജബൽ ശംസ്, വാദീ ബനീ ഖാലിദ് തുടങ്ങിയ കേന്ദ്രങ്ങളിലും കൂടുതൽ വിനോദസഞ്ചാരികൾ എത്തും. പെരുന്നാൾ അടുത്തതോടെ നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്ക് വർധിച്ചിട്ടുണ്ട്.
റോഡുകളിൽ വാഹനങ്ങൾ വർധിച്ചതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടുതുടങ്ങി. പെരുന്നാൾ ചന്തകളിലും പരമ്പരാഗത മാർക്കറ്റുകളിലും തിരക്ക് വർധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഹൈപ്പർ മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾക്കും പെരുന്നാൾ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളാണ് വ്യാപാരസ്ഥാപനങ്ങൾ നൽകുന്നത്. വസ്ത്രങ്ങളുടെ നല്ല സ്റ്റോക്കുകൾ വ്യാപാരസ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. വസ്ത്രങ്ങൾക്ക് നല്ല ഓഫറുകൾ എല്ലാ ഹൈപ്പർ മാർക്കറ്റുകളും നൽകുന്നുണ്ട്. വീട്ടുപകരണങ്ങൾക്കും ഇലക്ട്രോണിക് ഇനങ്ങൾക്കും ഓഫറുകളുള്ളതിനാൽ കൂടുതൽ പേർ വ്യാപാരസ്ഥാപനനങ്ങളിൽ എത്തുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേരത്തേ ശമ്പളം ലഭിക്കുന്നത് വ്യാപാരം വർധിക്കാൻ കാരണമാക്കും. പെരുന്നാളിനോടനുബന്ധിച്ച് മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ആഘോഷങ്ങളും നടത്തും. ഇത്തരം കൂട്ടായ്മകളിൽ കലാപരിപാടികളും വിനോദ ഇനങ്ങളും ഉണ്ടാവും. വ്യത്യസ്ത തരത്തിലും ഭക്ഷണങ്ങളും മറ്റു വിഭവങ്ങളും ഒരുക്കിയും ഇത്തരം കുടുംബസംഗമങ്ങൾ ആഘോഷം കേമമാക്കും.
സലാല: ഇഖ്റ കെയര്‍ വനിത വിഭാഗം പെരുന്നാളിനോടനുബന്ധിച്ച് സലാലയില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. ഇഖ്റ അക്കാദമിയില്‍ നടന്ന പരിപാടി ഹേമ ഗംഗാധരന് ഉദ്ഘാടനം ചെയ്തു. 40 പേര് പങ്കെടുത്ത മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സുമയ്യ ജബ്ബാര്‍ ഒന്നാം സ്ഥാനവും ഹമീഷ രണ്ടാം സ്ഥാനവും നേടി. ലിദിയ ജസ്റ്റസ്, റൈഹാന നവാസ് എന്നിവര്‍ മൂന്നാമതെത്തി. ജൂനിയര്‍ വിഭാഗത്തില്‍ ഫിയോണ ഒന്നാം സ്ഥാനവും ഫാത്തിമ സഫര്‍ രണ്ടാം സ്ഥാനവും ശിവന്യ മൂന്നാമതുമെത്തി. സലാല അടുക്കള കണ്‍വീനര്‍ ഷാഹിദ കലാം, റംസീന, നസ്രിയ തങ്ങള്‍, ആരിഫ റസാഖ്, ഫെമിന ഫൈസല്‍, സഫ്ന നസീര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.