മസ്കത്ത്: ഖത്തറിൽ ഓൺ അറൈവൽ വിസ അനുവദിക്കാനുള്ള തീരുമാനത്തിൽ പ്രതീക്ഷയോടെ നാട്ടിൽ കുടുങ്ങിയ ഒമാൻ പ്രവാസികൾ. ഇവർക്ക് ഖത്തർ വഴി ചുരുങ്ങിയ നിരക്കിൽ ഒമാനിലെത്താൻ സാധിക്കും. ടിക്കറ്റ് നിരക്കും ഖത്തറിലെ ഹോട്ടൽ ചെലവും മാത്രമാണ് വഹിക്കേണ്ടി വരിക. വിസക്ക് പ്രത്യേക ഫീസ് ഇല്ലാത്തത് വലിയ അനുഗ്രഹമാണ്. ദോഹയിൽ നിന്ന് മസ്കത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും പൊതുവെ കുറവാണ്.
നിലവിൽ അർമേനിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് നാട്ടിൽ കുടുങ്ങിയവർ ഒമാനിലെത്തുന്നതിന്. ഈ പാക്കേജുകൾക്ക് 1.30 ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ട്രാവൽ ഏജൻസികൾ ഈടാക്കുന്നത്. ഖത്തർ വഴി യാത്ര സാധ്യമാകുന്നതോടെ പാക്കേജിെൻറ ചെലവ് ഒരു ലക്ഷം രൂപയിൽ താഴെയായി കുറയുമെന്ന് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. കുടുതൽ വിവരങ്ങൾ വ്യക്തമാകുന്ന മുറക്ക് പാക്കേജുകൾക്ക് രൂപം നൽകുമെന്നും ഇവർ പറയുന്നു.
തിങ്കളാഴ്ച മുതലാണ് ഖത്തറിൽ പുതിയ യാത്ര നയം പ്രാബല്യത്തിൽ വന്നത്. ഇതിലാണ് ഇന്ത്യാക്കാർക്കുള്ള ഓൺ അറൈവൽ യാത്ര സൗകര്യം കൂടി അനുവദിക്കാൻ ധാരണയുള്ളത്. ഇതുസംബന്ധിച്ച് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയിലുള്ളവര് അറിയിച്ചിട്ടുണ്ട്. എന്നാൽ, എന്നുമുതൽ അനുവദിച്ചു തുടങ്ങും എന്നതിൽ ഇതുവരെ വ്യക്തതയില്ല.
ഖത്തറിൽ ഒരുമാസത്തേക്കാണ് വിസ അനുവദിക്കുക. വേണമെങ്കിൽ സൗജന്യമായി ഒരു മാസത്തേക്ക് പുതുക്കാനും സാധിക്കും.
ഖത്തറിൽ അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കാണ് ക്വാറൻറീൻ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാനാകുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണമെന്ന് മാത്രം. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം എന്നിവ നിർബന്ധമാണ്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പ് ഖത്തറിെൻറ 'ഇഹ്തിറാസ്' വെബ്സൈറ്റിൽ (https://www.ehteraz.gov.qa) രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചാലേ യാത്രക്ക് സാധിക്കൂ.
ഈ മാസം 15 മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നും മാലദ്വീപും അറിയിച്ചിട്ടുണ്ട്. ക്വാറൻറീന് ശേഷം ഒമാനിലെത്താൻ പല വഴികളും തുറന്നുകിട്ടുന്നതോടെ ചെലവിൽ കുറവുണ്ടാകുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു. ഏപ്രിൽ അവസാനം മുതലാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒമാൻ യാത്രവിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നീട്ടിയിട്ടുണ്ട്. ഒമാനിലെ വാക്സിനേഷൻ നിരക്ക് അമ്പത് ശതമാനം ആയാൽ മാത്രമേ വാക്സിൻ സ്വീകരിച്ചവർക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് കഴിഞ്ഞ സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. അതിനാൽ യാത്രവിലക്ക് ഇനിയും നീളാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.