മസ്കത്ത്: എയർ ബബിൾ ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവിസുകളിലെ സീറ്റുകൾ വർധിപ്പിച്ചു. ഒാരോ വശത്തേക്കുമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം 1000 വീതമാണ് വർധിപ്പിച്ചത്. ഇതോടെ പ്രതിവാര സീറ്റുകളുടെ മൊത്തം എണ്ണം പതിനായിരത്തിൽ നിന്ന് 12000മായി ഉയരും. ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികൾ ആഴ്ചയിൽ ആറായിരം സീറ്റുകൾ എന്ന തോതിലായിരിക്കും സർവിസ് നടത്തുക. ഇപ്പോൾ 5000 സീറ്റുകൾ വീതമാണ് സർവിസ്.
എയർ ബബിൾ ധാരണയുടെ തുടക്കത്തിൽ ഒരുവശത്തേക്ക് 10,000 സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒമാനിലേക്ക് വന്നിറങ്ങുന്ന യാത്രക്കാരിൽ കോവിഡ് ബാധ കൂടുതലായി കണ്ടതിനെ തുടർന്ന് പ്രതിവാര സീറ്റുകൾ 5000മാക്കി കുറക്കുകയായിരുന്നു. ഇതിനോടൊപ്പമാണ് ഇപ്പോൾ 1000 സീറ്റുകൾ കൂട്ടിയിരിക്കുന്നത്. 20 ശതമാനം സീറ്റുകളാണ് ഒമാനും-ഇന്ത്യക്കുമിടയിൽ കൂടുതലായി ഏർപ്പെടുത്തുന്നതെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
സീറ്റുകൾ വർധിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും മസ്കത്തിൽനിന്ന് കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യ ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവിസ് പ്രഖ്യാപിച്ചത്. നവംബർ ആദ്യവാരം പ്രതിവാര സീറ്റുകളുടെ എണ്ണം 5000മായി കുറച്ചതിനെ തുടർന്ന് ഇന്ത്യക്കും ഒമാനുമിടയിലെ സർവിസുകൾ നിർത്താൻ ബജറ്റ് വിമാന കമ്പനികളോട് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിച്ചിരുന്നു. ദേശീയ വിമാന കമ്പനികൾ മാത്രമാണ് ഇതിന് ശേഷം സർവിസ് നടത്തുന്നത്. ബജറ്റ് വിമാന കമ്പനികൾ സർവിസ് നിർത്തിയതോടെ ഉയർന്ന ടിക്കറ്റ് നിരക്കും ആവശ്യത്തിന് വിമാനം ലഭിക്കാത്ത അവസ്ഥയുമുണ്ട്. പൊതുമാപ്പിനെ തുടർന്ന് ആളുകളുടെ മടക്കം തുടങ്ങിയ സാഹചര്യത്തിൽ എയർ ബബിൾ ധാരണപ്രകാരം സീറ്റുകളിൽ വർധന ഉണ്ടായത് ആളുകൾക്ക് ചെറിയ തോതിലെങ്കിലും ഉപകാരം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ആരോഗ്യ, സുരക്ഷ നടപടികൾ ഉറപ്പാക്കി കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് പറഞ്ഞു. പ്രത്യേക വിമാന സർവിസ് സംബന്ധിച്ച് കൂടുതൽ രാഷ്ട്രങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒമാനിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം സുരക്ഷ ഉറപ്പുവരുത്തി ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയെന്ന സുപ്രീം കമ്മിറ്റി തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് പറഞ്ഞു. പ്രത്യേക വിമാന സർവിസിന് പാകിസ്താനുമായി സമാന ധാരണയിലെത്തിയതായും ബംഗ്ലാദേശുമായി ചർച്ചകൾ നടന്നുവരുന്നതായും അതോറിറ്റി വക്താവ് പറഞ്ഞു.
ഒമാനും മറ്റു ജി.സി.സി രാഷ്ട്രങ്ങൾക്കുമിടയിൽ വിമാന സർവീസ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ആവശ്യവും ഒപ്പം ആരോഗ്യസുരക്ഷാ നടപടികളും കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം. യു.എ.ഇയിലേക്കുള്ള പ്രതിവാര സർവിസുകൾ ഇൗമാസം 20 ആയി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഖത്തറിലേക്ക് ആറു പ്രതിവാര സർവിസുകൾ ഉണ്ടാകും.
ഇൗജിപ്തിലേക്കുള്ള സർവിസുകളും ആറെണ്ണമായി ഉയർത്താൻ ശ്രമിക്കുന്നുണ്ട്. സർവിസുകൾ ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾക്കിടയിൽ വിഭജിക്കും. മസ്കത്തിനും ആംസ്റ്റർഡാമിനുമിടയിൽ മൂന്നു പ്രതിവാര സർവിസുകൾക്ക് ധാരണയായിട്ടുണ്ട്. മസ്കത്തിനും സൂറിച്ചിനുമിടയിൽ ഇൗ മാസം ഒരു സർവീസ് തുടങ്ങുകയും ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.