മസ്കത്ത്: ഒമാന്റെ 53ാമത് ദേശീയ ദിനാഘോഷം ചരിത്രത്തിൽ ഉപമകളില്ലാത്തതാണ്. നാടും നഗരവും ഏറെ ആവേശപൂർവവും പൊലിമയോടും കൂടിയായിരുന്നു കഴിഞ്ഞ 52 ദേശീയ ദിനങ്ങളും ആഘോഷിച്ചത്. എന്നാൽ, ഫലസ്തീൻ കൂട്ടക്കുരുതിയുടെയും ഇസ്രായേൽ നരനായാട്ടിന്റെയും സാഹചര്യത്തിൽ സൈനിക പരേഡിൽ മാത്രം ഒതുങ്ങിയതായിരുന്നു 53ാമത് ദേശീയ ദിനം.
1971ലാണ് നവോത്ഥാന ഒമാന്റെ നായകനായി സുൽത്താൻ ഖാബുസ് ബിൻ സഈദ് നേതൃത്വം ഏറ്റെടുക്കുന്നത്. അതു മുതൽ സുൽത്താൻ ഖാബൂസിന്റെ ജന്മദിനമായ നവംബർ 18 ദേശീയ ദിനമായി ആഘോഷിക്കുകയായിരുന്നു. വൈവിധ്യം നിറഞ്ഞ പരിപാടികളോടെയാണ് ഓരോ ദേശീയ ദിനവും കടന്നുപോയത്. പല ദേശീയ ദിനങ്ങളും വിവധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ അതിഥികളായെത്തിയിരുന്നു. 15ാം ദേശീയദിനത്തിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു മുഖ്യാതിഥി. മൂന്ന് ആഘോഷങ്ങൾക്ക് മാത്രമാണ് സൈനിക പരേഡ് ഇല്ലാതിരുന്നത്. ഒന്ന് 2020 കോവിഡ് പശ്ചാത്തലത്തിലും സുൽത്താൻ ഖാബൂസ് ചികിത്സാർഥം വിദേശത്തായ സമയത്തുമാണ് മറ്റ് രണ്ട് പരേഡുകളും നടക്കാതെ പോയത്.
ആദ്യ കാലങ്ങളിൽ സുൽത്താൻ ഖാബൂസ് അധികാരത്തിലേറിയ ജൂലൈ 23നാണ് ദേശീയ ദിനമായി ആഘോഷിച്ചത്. എന്നാൽ, ജൂലൈയിൽ ഒമാനിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് കാരണമാണ് ദേശീയ ദിനം സുൽത്താന്റെ ജന്മദിനമായ നവംബർ 18ലേ
ക്ക് മാറ്റിയത്. രാജ്യത്തെ സ്വദേശികളും വിദേശികളും ഒന്നിച്ച് ആഘോഷിക്കുന്നതാണ് ദേശീയ ദിനം. മുൻകാലങ്ങളിൽ പ്രധാന റോഡുകളിൽ ഒമാൻ പതാകക്കൊപ്പം സുൽത്താന്റെ ചിത്രവും സ്ഥാപിച്ചിരുന്നു. ഒമാന്റെ 35, 40, 45 തുടങ്ങിയ ദേശീയ ദിനാഘോഷങ്ങൾ ഏറെ ഗംഭീരമായാണ് ആഘോഷിച്ചത്. 50ാം ദേശീയദിനം ഏറെ പൊലിമയോടെ ആഘോഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനുമുമ്പ് സുൽത്താൻ ഖാബൂസ് വിട പറഞ്ഞതിനാലും കോവിഡ് പ്രതിസന്ധിയും കാരണം ആഘോഷം പതിവുരീതിയിൽ ഒതുങ്ങി. മുൻകാലങ്ങളിൽ വാഹനങ്ങൾ അലങ്കരിക്കൽ ദേശീയ ദിനത്തിന്റെ പ്രധാന ഭാഗമായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുനാല് വർഷങ്ങളായി വാഹനം അലങ്കരിക്കൽ തീരെ കുറഞ്ഞുപോയിട്ടുണ്ട്. കഴിഞ്ഞ വർഷം വാഹനം അലങ്കരിക്കാൻ അധികൃതർ അനുവാദം നൽകിയിരുന്നെങ്കിലും വളരെ കുറഞ്ഞ വാഹനങ്ങൾ മാത്രമാണ് അലങ്കരിച്ചത്.
സുൽത്താന്റെ ചിത്രവും ഒമാൻ പതാകയും ദേശീയദിന എംബ്ലവുമൊക്കെക്കൊണ്ടാണ് വാഹനങ്ങൾ അലങ്കരിച്ചിരുന്നത്. ഒരുകാലത്ത് ദേശീയ ദിന കാലത്ത് അലങ്കരിക്കാത്ത വാഹനങ്ങൾ വളരെ കുറവായിരുന്നു. ഒമാന്റെ കൊടിയെങ്കിലും വാഹനങ്ങളിൽ വെച്ചിരുന്നു. വാഹനം അലങ്കരിക്കുന്ന ജോലി കാര്യമായി ചെയ്തിരുന്നത് മലയാളി സ്ഥാപനങ്ങളായിരുന്നു. ഇത്തരം സ്ഥാപനങ്ങളും തുടർച്ചയായി രാത്രിയും പകലും കഠിനാധ്വാനം ചെയ്താണ് ജോലി തീർത്തിരുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്ക് നല്ല വരുമാനം കിട്ടുന്ന മാസം കൂടിയായിരുന്നു നവംബർ. എന്നാൽ, കോവിഡിന് ശേഷം വാഹനം അലങ്കരിക്കൽ തീരെ കുറഞ്ഞുപോയി.
2020, 2021ലെ ദേശീയ ദിനങ്ങൾ കോവിഡ് പ്രതിസന്ധിയുണ്ടായിട്ടുപോലും രാജ്യം വർണശബളമായി ആഘോഷിച്ചിരുന്നു. എന്നാൽ ഏറെ വ്യത്യസ്തമാണ് ഈ വർഷത്തെ ദേശീയ ദിനാഘോഷം. ഫലസ്തീൻ പശ്ചാത്തലത്തിൽ നാടുകളിലും നഗരങ്ങളിലും കാര്യമായ അനക്കമൊന്നുമില്ലാതെയാണ് ദേശീയദിനം കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.