മസ്കത്ത്: ലോകം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം തുടങ്ങിയവയെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ഒമാൻ നിയമനിർമാണത്തിനൊരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കാനാകുന്ന വ്യവസ്ഥകൾ ശക്തമാക്കിയുള്ള നിയമമാണ് അണിയറയിലൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും.
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം രാജ്യം നേരിടുന്ന വെല്ലുവിളികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഈ മേഖലയിൽ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുണ്ടാകുന്ന പ്രവർത്തനങ്ങളെ ഒമാൻ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമനിർമാണവുമായി ബന്ധപ്പെട്ട് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച ദേശീയ നയത്തിന്റെ കരട് രൂപം തയാറാക്കിവരുകയാണ്. പൂർത്തിയായിക്കഴിഞ്ഞാൽ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ എല്ലാ പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖ തയാറാക്കുക. 2030ഓടെ രാജ്യത്തെ കാർബൺ പുറംതള്ളൽ ഏഴു ശതമാനമായി കുറക്കുന്നതിനുള്ള കർമപദ്ധതികൾക്കും ഈ ദേശീയനയമായിരിക്കും അടിസ്ഥാനമാകുക.
കാലാവസ്ഥ വ്യതിയാനവും ഓസോൺ പാളി സംരക്ഷണവുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയാണ് ഇതിന് നേതൃത്വം നൽകുക. സിവിൽ ഏവിയേഷൻ അതോറിറ്റി, എൻവയൺമെന്റൽ അതോറിറ്റി എന്നിവയടക്കമുള്ള പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സാങ്കേതിക വിദഗ്ധർ ഈ ദൗത്യത്തിൽ പങ്കാളികളാകും. പരിസ്ഥിതി സംരക്ഷണവും പാരമ്പര്യേതര ഊർജവും സംബന്ധിച്ച ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികളും ഇവർ നിർദേശിക്കും. മറ്റു രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളും നയപരിപാടികളും സമിതി പഠിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.