മസ്കത്ത്: ഒമാനിൽ വർഷം 10,14,854 ടൺ മാലിന്യമാണ് പുനരുപയോഗം ചെയ്യുന്നതെന്ന് പരിസ്ഥിതി അതോറിറ്റിയിലെ (ഇ.എ) ഡിപ്പാർട്മെന്റ് ഓഫ് കെമിക്കൽ മെറ്റീരിയൽസ് ഡയറക്ടർ ഡോ. മുഹമ്മദ് മജീദ് അൽകസ്ബി പറഞ്ഞു. ഒമാന്റെ പരിസ്ഥിതി തന്ത്രത്തിനു കീഴിൽ ഇ.എ നിലവിൽ ഒരു ദേശീയ പദ്ധതി നടപ്പാക്കുകയാണെന്ന് പ്രാദേശിക പത്രത്തോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
ഉൽപാദിപ്പിക്കുന്ന അപകടകരമായ മാലിന്യത്തിന്റെ അളവും സ്വഭാവവും അളക്കുക, പൊതുജനാരോഗ്യത്തിലും പരിസ്ഥിതിയിലും അതിന്റെ സ്വാധീനം മനസ്സിലാക്കുക, ബേസൽ കൺവെൻഷൻ അനുസരിച്ച് അതിന്റെ അന്താരാഷ്ട്ര ചലനം നിയന്ത്രിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ശ്രദ്ധ. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഊർജം സംരക്ഷിക്കുക, കാർബൺ ഉദ്വമനം വെട്ടിക്കുറക്കുക, നമ്മുടെ സ്വാഭാവിക ആവാസവ്യവസ്ഥകളുടെ ക്ഷേമം ഉറപ്പാക്കുക എന്നിങ്ങനെ വിശാലമായ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഞങ്ങളുടെ പുനരുപയോഗ ലക്ഷ്യങ്ങളെന്ന് കസ്ബി ഊന്നിപ്പറഞ്ഞു.
ഈ വർഷം പാചക എണ്ണകൾ, കാർ ടയറുകൾ, എൻജിനുകൾ എന്നിവയുൾപ്പെടെ വിവിധ തരം മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിൽ 64 കമ്പനികൾ സജീവമായി രംഗത്തുണ്ട്. 2020ൽ ഇത്തരത്തിലുള്ള 30 സ്ഥാപനങ്ങൾ മാത്രമാണുണ്ടായിരുന്നത്. പുനരുപയോഗം കൂടാതെ, ഒമാൻ പ്രതിവർഷം ഏകദേശം 148,528 ടൺ മാലിന്യം കയറ്റുമതിയും ചെയ്യുന്നുണ്ട്.
പരിസ്ഥിതിബോധമുള്ള ഒരു സമൂഹത്തെ പരിപോഷിപ്പിക്കുക എന്നത് സുപ്രധാനമാണെന്ന് കസ്ബി അഭിപ്രായപ്പെട്ടു. ‘ഒരു സമൂഹം അതിന്റെ പാരിസ്ഥിതിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും കാര്യക്ഷമമായ മാലിന്യ സംസ്കരണം സ്വീകരിക്കുകയും ചെയ്യുന്നത് ദൈനംദിന ജീവിതത്തിൽ അനാവശ്യമായ മാലിന്യങ്ങൾ ഗണ്യമായി കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംഗീകൃതമല്ലാത്ത രാസവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും കർശന നടപടി സ്വീകരിക്കും. നിയമലംഘനങ്ങൾക്ക് 5,000 റിയാൽവരെ പിഴയും മൂന്നുവർഷംവരെ തടവും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ പരിസ്ഥിതി അതോറിറ്റിയിലുണ്ട്.
രാസവസ്തുക്കൾ ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നിവക്കായി സുൽത്താനേറ്റിന്റെ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പാക്ക് ചെയ്യൽ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.